18 December, 2019 08:25:44 AM


കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; പ്രതി സ്റ്റേഷനിൽ എത്തിയിട്ടും കണ്ണടച്ച് പൊലീസ്



കട്ടപ്പന: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അറുപതംഗ മലയാളി സംഘത്തില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന് പരാതി. കട്ടപ്പന സ്വദേശിയായ യുവതിയാണ് മൂന്ന് കോടിയോളം രൂപ തട്ടിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതോടെ പ്രതി ഒളിവിലാണ്. കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും ഇവരെ പിടികൂടാന്‍ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.


കട്ടപ്പന വള്ളക്കടവ് കണ്ടത്തില്‍ അന്നമ്മ ജോര്‍ജ് എന്നറിയപ്പെടുന്ന സിനി കുന്നപ്പള്ളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 66 പേരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപ തട്ടിയത്. അന്നമ്മക്കെതിരെ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതി നിലനില്‍ക്കുമ്പോള്‍, കഴിഞ്ഞ നവംബര്‍ 26ന് ഇവർ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തിയിട്ടും പിടികൂടാന്‍ പൊലീസ് തയാറായില്ല.


ഇടുക്കി, കണ്ണൂര്‍, പാലാ, അങ്കമാലി, ചാലക്കുടി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. അഞ്ചര ലക്ഷം മുതല്‍ ആറര ലക്ഷം രൂപവരെയാണ് ഇവര്‍ ഒരാളിൽ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കാനഡയിലെ പെട്രോ കാനഡ എന്ന കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ ആളുകളെ ബന്ധപ്പെട്ടത്. അടിയന്തരമായി നിയമനം നടത്തേണ്ട തസ്തികകളാണ് എന്നായിരുന്നു ഇവര്‍ പറഞ്ഞത്.


എക്‌സ്പ്രസ് വിസാസ് എന്ന കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മാനേജരായി തന്നെ നിയമിച്ചുവെന്നുള്ള രേഖകള്‍ കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. വിസയുടെ പകുതി തുകയായ മൂന്നു ലക്ഷം രൂപ ആളുകളില്‍ നിന്ന് കൈപ്പറ്റി. ചിലര്‍ മുഴുവന്‍ തുകയും നല്‍കി. തുടര്‍ന്ന് സെപ്റ്റംബര്‍ 22, 23 തീയതികളിലായി 15 പേരടങ്ങുന്ന സംഘങ്ങൾ നെടുമ്പാശേരിയില്‍ നിന്നു ഖത്തറിലെത്തി.


ഇതിനിടെ ഓരോരുത്തരുടെയും വിസ തയാറായതായി വിശ്വസിപ്പിച്ച് അന്നമ്മയുടെ മൊബൈല്‍ ഫോണില്‍ വിസയുടെ ചിത്രങ്ങള്‍ കാട്ടി ബാക്കി പണം കൂടി വാങ്ങി. പരിശോധനയ്ക്കായി വിസ നല്‍കണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തന്ത്രപൂര്‍വം ഒഴിവായി. അന്നമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തില്‍ നിന്നു ഇവരും തട്ടിപ്പുസംഘത്തിലെ കണ്ണിയാണെന്നു ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞു. കൂടാതെ ഉദ്യോഗാര്‍ഥികളെ കാണിച്ച വിസ വ്യാജമാണെന്നും വ്യക്തമായി. തുടർന്ന് സ്വന്തമായി പണം മുടക്കി ടിക്കറ്റെടുത്താണ് എല്ലാവരും നാട്ടിലേക്കു മടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K