16 December, 2019 09:41:00 PM
കുഴല്‍കിണറിനായി താഴ്ത്തിയ പൈപ്പിലൂടെ എത്തിയത് തീ പിടിക്കുന്ന വാതകം
കലവൂര്‍ : കുഴല്‍കിണറിനായി താഴ്ത്തിയ പൈപ്പിലൂടെ എത്തിയത്് തീ പിടിക്കുന്ന വാതകം. ഇതോടെ വീട്ടുകാരും പണിക്കാരും ആശങ്കയിലായി. കലവൂര്‍ വോള്‍ഗ ജംക്ഷനു കിഴക്ക് മനോഹര വിലാസത്തില്‍ എം.എം.രാജുവിന്റെ വീട്ടിലാണു സംഭവം. നിലവിലുള്ള കുഴല്‍ക്കിണറിലെ വെള്ളം മോശമായതിനാലാണ് അല്‍പം അകലെ മറ്റൊരെണ്ണം കുഴിച്ചത്.
ഉച്ചകഴിഞ്ഞു തുടങ്ങിയ പണികള്‍ വൈകിട്ട് പൂര്‍ത്തിയാവാറായപ്പോഴാണു പൈപ്പിലൂടെ രൂക്ഷ ഗന്ധം വന്നത്. സംശയം തോന്നി തീപ്പെട്ടി ഉരച്ചു നോക്കിയപ്പോള്‍ തീ പിടിക്കുകയായിരുന്നു. തുടര്‍ച്ചയായി തീ കത്തിയതോടെ രാജുവിന്റെ ബന്ധു കൂടിയായ പ്ലമര്‍ ശ്രീജിത്ത് പൈപ്പില്‍ വെള്ളം നിറച്ച് കെടുത്തുകയായിരുന്നു. രാത്രിയായതിനാല്‍ തല്‍ക്കാലം പണികള്‍ നിര്‍ത്തിവച്ചു. ഇനി മറ്റൊരിടത്ത് കുഴല്‍ക്കിണര്‍ താഴ്ത്തുവാനാണ് ആലോചിക്കുന്നതെന്ന് രാജു പറഞ്ഞു.