11 December, 2019 03:25:20 PM


വില്ലീസ് ജീപ്പ് സ്വന്തമായി നിര്‍മ്മിച്ചു; അഭിലാഷിന് സ്വപ്ന സാക്ഷാത്കാരം



കട്ടപ്പന: കട്ടപ്പന കാതകപ്പള്ളില്‍ അഭിലാഷ് ഓമനക്കുട്ടന്‍റെ സ്വപ്ന സാക്ഷാത്കാരമാണിത്. നീണ്ട ഒന്‍പതു മാസത്തെ പ്രയത്നത്തിനൊടുവില്‍ ഒരു കുഞ്ഞന്‍ വില്ലീസ് ജീപ്പ് സ്വന്തമായി നിര്‍മ്മിച്ചു. നിരവധിപേര്‍ക്ക് കൗതുകമുണര്‍ത്തി തന്‍റെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ അവസാന മിനുക്കുപണിയിലാണ്.

ആപ്പ ഓട്ടോയുടെ ഗിയര്‍ ബോക്സും, സോളാര്‍ സിസ്റ്റത്തിലും, എലുമിനേറ്ററിലും ചാര്‍ജുചെയ്യാവുന്നതുമായ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറും, മോട്ടോര്‍ബൈക്കിന്‍റെ ചെയിനും, പെട്രോള്‍ ഓട്ടോയുടെ വീലും, സാധാരണ ജീപ്പിലുള്ള ബ്രേക്ക് സിസ്റ്റവും. ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, പാര്‍ക്ക്‌ ലൈറ്റ് , അങ്ങിനെ എല്ലാം. ഷോക്‌അപ്സര്‍. നാല് വീലിനും - ഒരു കുഞ്ഞു കളിവണ്ടി. രണ്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന കപ്പാസിറ്റി.

ഇതൊക്കെയാണെങ്കിലും എല്ലാവര്‍ക്കും കയറി ഓടിച്ചു കൊണ്ടുപോകാമെന്ന് കരുതേണ്ട. സാധാരണ ജീപ്പിനുള്ള ഡ്രൈവിംഗ് പരിശീലനം തന്നെ ഈ കുഞ്ഞന്‍ ജീപ്പു കൈകാര്യം ചെയ്യുന്നതിനും ആവശ്യമാണ്‌. നിര്‍മ്മാണം പൂര്‍ണമായും സ്വന്തം കരവിരുതില്‍. സ്വന്തം ഭാവനയില്‍. പെയിന്റിങ് സുഹൃത്തിന്‍റെ സംഭാവന. ഓട്ടോറിക്ഷയുടെ ബോഡി വര്‍ക്കില്‍ നിപുണനായ അഭിലാഷ്, തന്‍റെ തിരക്കേറിയ ജോലിക്കിടയില്‍ സമയം കണ്ടെത്തിയാണ് ഈ കുഞ്ഞന്‍ വില്ലീസ് ജീപ്പിന് ജീവന്‍ നല്‍കിയത്.

അഭിലാഷിന്‍റെ കുടുംബം കട്ടപ്പന ഐ റ്റി ഐ ജംഗ്‌ഷനില്‍ തന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമായുണ്ടാക്കിയ സമ്പാദ്യത്തിലൂടെ നേടിയ കെട്ടിടത്തില്‍ തന്നെയാണ് വര്‍ക്ഷോപ്പും, അതിനോട് ചേര്‍ന്നുതന്നെ താമസവും.

കട്ടപ്പന ഇരുപതേക്കര്‍ കാതകപ്പള്ളില്‍ - ഓമനക്കുട്ടന്‍റെ മകനായ ശ്രീ. അഭിലാഷ്, പിതാവിന്‍റെ തൊഴില്‍ പിന്തുടര്‍ന്നാണ് തന്‍റെ ജീവിതവിജയം നേടിയെടുത്തത്. തന്‍റെ സ്വതസിദ്ധമായ കഴിവിലൂടെ ഇനിയും ഇതുപോലെയുള്ള നിര്‍മ്മിതികള്‍ സൃഷ്ടിക്കുവാനാണ് അഭിലാഷിന്‍റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K