07 December, 2019 02:14:16 PM
വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതി മധുവിനെ നാട്ടുകാര്‍ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചു
പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിയെ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചു. കേസിലെ നാലാം പ്രതിയായിരുന്ന കുട്ടിമധു എന്ന എം.മധുവിനു നേരെയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാരുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് മധു പോലീസിന് മൊഴി നല്‍കി.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെവെറുതെ വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധവും ഉയരര്‍ന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വനിത വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതിനു പിന്നാലെയാണ് വാളയാര്‍ കേസ് പ്രതിക്കു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.