04 December, 2019 11:50:04 AM
തലശേരി - വളവുപാറ അന്തര്‍ സംസ്ഥാന പാത; ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും
തലശ്ശേരി: തലശ്ശേരി - വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം ജംഗ്ഷന് വീതികൂട്ടല്‍ പ്രവൃത്തി നിശ്ചയിച്ച ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ ഒരാഴ്ചയായി രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ 5.30 വരെ ഇരിട്ടി പാലം ജംഗ്ഷനിൽ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പ്രവൃത്തി നടത്തുന്നത്. നിശ്ചിത ദിവസത്തിനുള്ളിൽ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാൽ ഗതാഗത നിയന്ത്രണം ഒരാഴ്ചകൂടി തുടരും .
ഇരിട്ടി പാലം മുതല്‍ മാടത്തിൽ വരെയാണ് രാത്രിയാത്ര നിരോധിച്ചിരിക്കുന്നത്. ബദല്‍ സംവിധാനമായി എടൂര്‍ ഭാഗത്തുനിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ കോറമുക്ക്, ചീങ്ങാക്കുണ്ടം, പായം ജംഗ്ഷന്, കരിയാല്‍, ജബ്ബാര്‍ക്കടവ് വഴി ടൗണിലേക്ക് തിരിച്ചുവിട്ടു. കൂട്ടുപുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വള്ളിത്തോട് നിന്ന് മലയോര ഹൈവേയിലേക്ക് കയറി ഉളിക്കല്‍, തന്തോട് വഴി ഇരിട്ടി ടൗണില്‍ പ്രവേശിക്കാനുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ചെങ്കുത്തായ ഭൂമി ഇടിച്ച് നിരപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍കൂട്ടികണ്ടാണ് രാത്രികാലങ്ങളില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്. ഒരാഴ്ചകൊണ്ട് കുന്നിന്റെ പകുതി ഭാഗം മാത്രമാണ് ഇടിക്കാനായത്. കഴിഞ്ഞ ദിവസം ഉണ്ടായ മഴയും മറ്റും പ്രവൃത്തിയെ ബാധിച്ചു. രാത്രിയില്‍ ഇടിച്ചിട്ടുന്ന മണ്ണ് പുലര്ച്ചെയാകുമ്പോഴെക്കും പൂര്‍ണമായും മാറ്റിയില്ലെങ്കില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും പ്രവൃത്തി മന്ദഗതിയിലാകാന്‍ കാരണമായി.