03 December, 2019 07:07:35 PM
കണ്ണൂര്‍ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റിങ്ങിന് സ്റ്റേ. കിയാല്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമാണ് സര്‍ക്കാരിനുള്ളതെന്നുമായിരുന്നു കിയാലിന്‍റെ വാദം. സിഎജി ഓഡിറ്റിംഗ് നടത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കാട്ടി കേന്ദ്രത്തിന്‍റെ നോട്ടീസിനെ ചോദ്യം ചെയ്താണ് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചത്. സിഎജി ഓഡിറ്റിംഗ് വേണമെന്ന് കേന്ദ്രം കര്‍ശന നിലപാടെടുത്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമിപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.ഗോപിനാഥ് മേനോന്‍ ഹാജരായി.
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിയാലില്‍ സ്വകാര്യവല്‍ക്കരണം നേരിടുന്ന ബിപിസിഎല്‍ അടക്കം കമ്പനികള്‍ക്ക് ഓഹരിയുണ്ട്. സര്‍ക്കാര്‍ കമ്പനിയാണെങ്കില്‍ പോലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി ഉണ്ടെങ്കില്‍ കമ്പനി നിയമത്തിലെ സെക്ഷന്‍ 139 (5) പ്രകാരം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റിംഗ് വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.
കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സ്വകാര്യകമ്പനിയാണെന്ന വാദമുയര്‍ത്തി സിഎജി ഓഡിറ്റ് തടഞ്ഞത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിനെയും സര്‍ക്കാരിനെയും അറിയിച്ചിരുന്നു. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയതിന് ചുമതലക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു കേന്ദ്ര നിലപാട്. കിയാല്‍ കൊച്ചി വിമാനത്താവളം പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റിംഗ് അനുവദിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം