25 November, 2019 09:59:59 PM
വള്ളംകളിയുടെ ആവേശത്തില്‍ നീരേറ്റുപുറം; ഉത്രാടം തിരുനാള്‍ പമ്പാ ജലമേള 30ന്
- ശരണ്യ എസ് മോഹന്‍
നീരേറ്റുപുറം: 63-ാമത് കെ.സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലമേള ഈ മാസം 30ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജലമേളയില്‍ പങ്കെടുക്കാനുള്ള കളിവള്ളങ്ങളുടെ റജിസ്ട്രഷന്‍ 27 ന് 2 മണിവരെ നടക്കും. കളിവള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് അന്ന് 3 ന് നെടുമ്പ്രം വൈഎംസിഎ ഹാളില്‍ നടക്കും.
എല്ലാ വര്‍ഷവും ഉത്രാടം നാളില്‍ നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ജലമേള കൂടിയാണിത്.
ജലമേളയുടെ ഭാഗമായുള്ള സാംസ്‌ക്കാരിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ മാമ്മന്‍ മാപ്പിളയുടെയും ഉത്രാടം തിരുനാളിന്‍റെയും സ്മരണ നിലനിര്‍ത്തുക കൂടിയാണ് ഈ ജലമേള. മേളയില്‍ മുപ്പതിലധികം വള്ളങ്ങള്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കൂടാതെ ജലമേളയുടെ ഉദ്ഘാടനത്തിനായി കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാനാണ് തീരുമാനമെന്നും സംഘാടകര്‍ അറിയിച്ചു. നീരേറ്റുപുറം വള്ളംകളിയെ സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അത്തരം വിഷയങ്ങളില്‍ പതറാതെ ആവേശത്തോടെ ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പ്രദേശവാസികള്‍.