25 November, 2019 12:03:06 AM
നെന്മാറ വല്ലങ്ങി വെടിക്കെട്ട്: അനുമതി 15 കിലോയ്ക്ക്; ഉപയോഗിച്ചത് 500 കിലോയിലധികം വെടിമരുന്ന്
പാലക്കാട്: പങ്കാളിത്തവും പ്രാമാണ്യവും കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ പാലക്കാട് നെന്മാറ വല്ലങ്ങി വേലയുടെ കഴിഞ്ഞ സീസണിലെ വെടിക്കെട്ട് നിയമവിരുദ്ധമാണെന്ന് ആഭ്യന്തരവകുപ്പ്. നിയമങ്ങള്‍ ലംഘിച്ചും നിര്‍ദേശങ്ങള്‍ അവഗണിച്ചും നടത്തിയ വെടിക്കെട്ടില്‍ ദേശങ്ങള്‍ ഓരോന്നും അഞ്ഞൂറ് കിലോയിലധികം വെടിമരുന്ന് ഉപയോഗിച്ചുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍.
2019 ഏപ്രില്‍ മൂന്നിനും നാലിനുമായിരുന്നു നെന്മാറ വല്ലങ്ങി വേല. ഹൈകോടതി നിര്‍ദേശപ്രകാരം വെടിക്കെട്ടിന് അനുമതി നല്കി പാലക്കാട് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവാണ് അതെഴുതിയ കടലാസിന്റെ വില പോലും കല്പിക്കാതെ ഉത്സവക്കമ്മിറ്റിക്കാര്‍ അവഗണിച്ചത്. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഇരുദേശങ്ങള്ക്കും വെടിക്കെട്ടിന് അനുമതി നല്‍കിയത്.
വല്ലങ്ങി ദേശത്തിന് മൂന്നിന് രാത്രി ആറിനും ആറരക്കും ഇടയിലും നാലിന് രാവിലെ ആറിനും ആറരക്കും ഇടയിലും നെന്മാറ ദേശത്തിന് മൂന്നിന് രാത്രി 6.45നും 7.15നും ഇടയിലും നാലിന് രാവിലെ 6.45നും 7.15നും ഇടയിലും ഓരോ പ്രാവശ്യവും 15 കിലോ വീതം മരുന്ന് ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താനുമാണ് അനുമതി കൊടുത്തത്.
ഇതിന് വിരുദ്ധമായി ഇരു ദേശങ്ങളും 7500 ഗുണ്ടുകളും ബോള്‍ അമിട്ടുകളും മൂന്ന് ലക്ഷത്തോളം പടക്കങ്ങളും അടക്കം അഞ്ഞൂറ് കിലോയുടെ വെടിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.
ഇക്കാര്യത്തില്‍ എക്സ്പ്ലാേസീവ് ആക്ട് അനുസരിച്ച് നെന്മാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെടിമരുന്ന് ജില്ല മാറി കൊണ്ടുപോകരുതെന്നും വെടിക്കെട്ട് നടത്തുന്നവര്‍ക്ക് വെടിക്കോപ്പ് നിര്‍മാണ, സംഭരണ കേന്ദ്രമുണ്ടായിരിക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ഇതൊന്നും പാലിച്ചിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തി. വെടിക്കെട്ടിന് സുപ്രീം കോടതിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും വ്യവസ്ഥകള്‍ പ്രകാരമാണ് ഇവിടെ അനുമതി നല്‍കിയത്. അതാണ് ലംഘിച്ചത്. നിയമലംഘനം കണ്ടെത്തിയ ഈ കേസ് ആറ് മാസം പിന്നിട്ടിട്ടും അന്വേഷണം തുടരുകയാണെന്നാണ് ആഭ്യന്തരവകുപ്പിെന്റ വിശദീകരണം.