14 November, 2019 09:53:20 AM
മാഹി കടല്‍തീരത്ത് ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് നാല് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്
കണ്ണൂര്‍: ഫൈബര്‍ വള്ളത്തില്‍ അജ്ഞാത ബോട്ടിടിച്ച് നാല് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്. ആയിക്കര കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ അജ്ഞാത ബോട്ടിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മാഹി കടല്‍തീരത്താണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന ബാബു പയ്യങ്കോട്, സി വി ചന്ദ്രശേഖരന്‍, തമിഴ്നാട് സ്വദേശികളായ അഴകപ്പന്‍, സാജന്‍ തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളത്തില്‍ വീണ ബാബുവിനെ അതിസാഹസികമായാണ് സഹപ്രവര്‍ത്തകര്‍ രക്ഷിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ ഒരു വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ആയിക്കര തീരത്തു നിന്നുള്ള ശ്രീ കൂര്‍മ്ബ ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ച വെള്ള നിറത്തിലുള്ള അജ്ഞാത ബോട്ട് അമിത വേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പരിക്കേറ്റവരില്‍ നിന്നും മൊഴിയെടുത്തു. അജ്ഞാത ബോട്ടില്‍ എത്തിയത് ആരാണെന്ന അന്വേഷണം ഗൗരവത്തോടെയാണ് കോസ്റ്റല്‍ പോലിസ് കാണുന്നത്. നേരത്തെ കേരളത്തിന്റെ കടല്‍ വഴി ഭീകരര്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോസ്റ്റല്‍ പോലിസ് കേസന്വേഷണം ഊര്‍ജിതമാക്കിയത്.