06 November, 2019 10:21:20 AM


യുവാവിന്‍റെ ജനനേന്ദ്രിയത്തില്‍ രക്തം കുടിച്ച് വലുതായ ഏഴു സെന്‍റീമീറ്റര്‍ നീളമുള്ള കുളയട്ട!



ആലപ്പുഴ: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഏഴു സെന്റിമീറ്റര്‍ നീളമുള്ള കുളയട്ടയെ പുറത്തെടുത്തു.  അസഹനീയമായ വേദനയോടെ 25കാരന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അട്ടയുടെ സാമീപ്യം കണ്ടെത്തിയത്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുളയട്ടയെ പുറത്തെടുത്തത്. ശസ്ത്രക്രിയ കൂടാതെതന്നെ അട്ടയെ പുറത്തെടുക്കുകയായിരുന്നു.


യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അട്ട ജനനേന്ദ്രിയത്തില്‍ കയറിയത് എന്നാണ് വിവരം. നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട കൂടുതല്‍ ഉള്ളിലേക്കു കയറാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നു വിദഗ്ധ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു. ഇത്തരം അട്ടയുടെ കടിയേറ്റാല്‍ പെട്ടെന്ന് അറിയാന്‍ കഴിയില്ല. ഹിരുഡിന്‍ എന്ന പദാര്‍ഥം ഉപയോഗിച്ചാണ് ഇവ രക്തം കട്ടപിടിക്കുന്നത് തടയുന്നത്. രക്തം കുടിച്ച് വീര്‍ക്കുമ്പോള്‍ ഇവ തനിയെ ഇളകി വീഴും. ഇതിനെ ബലമായി പറിച്ചെറിഞ്ഞാല്‍ ചൊറിച്ചില്‍ മാസങ്ങളോളം നില്‍ക്കുമെന്നതും പ്രത്യേകതയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K