30 October, 2019 09:44:32 PM
അധ്യാപകരില്ല: പെരുവന്താനത്ത് സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍; വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍
- നൗഷാദ് വെംബ്ലി
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്ത് പരിധിയിലെ ടി.ആര്‍.ആന്‍റ് ടി കമ്പനി വക എല്‍.പി.സ്‌കൂള്‍ അധ്യാപകരില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 1951ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ ആവശ്യത്തിന് അധ്യാപകരും ഇരുന്നോറോളം വിദ്യാര്‍ത്ഥികളുമായിരുന്നു ആദ്യ കാലത്തെങ്കില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടതോടെ അധ്യാപകരുടെ എണ്ണം കുറഞ്ഞു. പരിഹാരമുണ്ടാക്കാന്‍ കമ്പനി മാനേജ്‌മെന്‍റോ വിദ്യാഭ്യാസ വകുപ്പോ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത് സ്‌കൂളിന്‍റെ തകര്‍ച്ചക്ക് കാരണമായി.
ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന തോട്ടത്തില്‍ അവരുടെ മക്കള്‍ എല്ലാവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഇവിടേക്കായിരുന്നു അയച്ചിരുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുവരവ് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് വരുത്തിയത്. ഇപ്പോള്‍ നാലു ക്ലാസുകളിലായി ഇവിടെയുളളത് പ്രധാന അധ്യാപിക മാത്രമാണ്. രണ്ടു ദിവസ വേതന അധ്യാപികമാര്‍ ജോലി ചെയ്യുന്നുണ്ടങ്കിലും ആറു വര്‍ഷം ജോലി ചെയ്ത ഇവര്‍ക്ക് ഇതുവരെയായി നല്‍കിയത് ഒരു വര്‍ഷത്തെ ശമ്പളമാണ്. അഞ്ചു വര്‍ഷമായി ദിവസകൂലി പോലും കൊടുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
ആറു വര്‍ഷം മുമ്പ് ജോലി ലഭിക്കാന്‍ കമ്പനി മാനേജ്‌മെന്‍റ് ഇവരില്‍ നിന്നും ലക്ഷങ്ങളാണ് ഈടാക്കിയതെന്നും പരാതിയുണ്ട്. സ്ഥിര നിയമനമെന്ന പേരില്‍ ഒരാളോട് അഞ്ചു ലക്ഷവും മറ്റൊരാളോട് മൂന്നു ലക്ഷവും വീതം ടി.ആര്‍.ആന്‍റ് ടി കമ്പനി വാങ്ങിയെങ്കിലും മാസ ശമ്പളം എന്നല്ല, ദിവസക്കൂലി പോലും നല്‍കാന്‍ തയ്യാറായിട്ടില്ല. വാങ്ങിയ പണം തിരികെ നല്‍കാന്‍ കമ്പനി തയ്യാറാകാത്തതിനാല്‍ ജോലി ഉപേക്ഷിക്കാനും കഴിയാത്ത സ്ഥിതിയാണ്. ഇവര്‍ മൂന്നു പേര്‍ മാത്രമാണ് നാലു ക്ലാസിലായി പഠിപ്പിക്കുന്നത്.
വകുപ്പുതല യോഗങ്ങള്‍ ഇടുക്കിയിലും പീരുമേട്ടിലും നടത്തുന്ന ദിവസം അധ്യാപകരുടെ എണ്ണം രണ്ടായി കുറയും. ഒന്നരയേക്കര്‍ ഭൂമിയില്‍ വിശാലമായ കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളുമായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 33 വര്‍ഷമായി ജോലി ചെയ്യുന്ന പ്രധാനാധ്യാപിക 2021ല്‍ സര്‍വീസില്‍ നിന്നും വിരമിക്കും. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല . ശമ്പളം പോലും നല്‍കാതെ അധ്യാപകരെ വച്ചു സ്‌കൂളിന്‍റെ നടത്തിപ്പ് കഴിയില്ലായെന്നത് വ്യക്തമായിട്ടും ഒരു നടപടി പോലും എടുത്തിട്ടില്ല.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു ഈ വര്‍ഷവും മള്‍ട്ടികളര്‍ പെയിന്‍റിംഗ് സംവിധാനമൊക്കെ നടത്തി. എന്നാല്‍ ഇതിനു പ്രധാന അധ്യാപികയുടെ ശമ്പളമാണ് ഉപയോഗിക്കേണ്ടി വന്നത്. മതമ്പ മുതല്‍ മണിക്കല്‍ വരെയുളള 42 കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത് വാഹനത്തിലാണ്. ഇതിന് മാസം ഇരുപതിനായിരത്തോളം രൂപ ചെലവാകും. ഇത് നല്‍കുന്നതും അധ്യാപിക തന്നെ. ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രധാനാധ്യാപികക്ക് സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ അഞ്ഞൂറോളം ലീവാണ് വെറുതെ കിടക്കുന്നത്. അത് പോലും ഒഴിവാക്കിയാണ് ഇവര്‍ ജോലിക്കെത്തുന്നത്. അധ്യയന വര്‍ഷം ഒരു പ്രവൃത്തി ദിനം പോലും നഷ്ടപെടാന്‍ ഇവര്‍ തയ്യാറാകാതെ ജോലിക്കെത്തുമ്പോള്‍ അടുത്തത് ആര് എന്നത് ചോദ്യമായി അവശേഷിക്കുകയാണ്.
എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടരാന്‍ നടപടി സ്വീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണന്ന് ടി.ആര്‍.ആന്‍റ് ടി കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശിവരാമകൃഷ്ണ അയ്യര്‍ പറഞ്ഞു. പ്ലാന്‍റേഷന്‍ ലേബര്‍ ആക്ട് പ്രകാരം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സ്കൂളിനെ ലാഭകരമായ ബിസിനസ്സാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലന്നും, മുമ്പ് നിയമനം നടത്തിയ അധ്യാപകര്‍ക്കു പോലും ശമ്പളം നല്‍കാന്‍ വിദ്യാഭ്യാസവകുപ്പു തയ്യാറായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി തങ്ങള്‍ക്കറിയില്ലന്നും ശിവരാമകൃഷ്ണ അയ്യര്‍ അറിയിച്ചു.