28 October, 2019 08:21:11 PM
ഏലത്തോട്ടത്തിൽ മരം മുറിച്ചു മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് സൂപ്പർവൈസർ മരിച്ചു
കട്ടപ്പന: ഏലത്തോട്ടത്തിൽ മരം മുറിച്ചു മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് സൂപ്പർവൈസർ മരിച്ചു. വണ്ടൻമേട്ടിലെ ഏലത്തോട്ടം സൂപ്പർവൈസർ കക്കാട്ടുകട കല്യാണത്തണ്ട് വെള്ളാപ്പള്ളിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു അപകടം.
ഭക്ഷണം കഴിക്കാനായി പോയ ചന്ദ്രൻ മടങ്ങി എത്തിയത് ഒപ്പമുള്ളവർ കണ്ടില്ല. മരം വെട്ടി ഇറക്കുമ്പോൾ ചന്ദ്രന്‍റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ ഉടൻ തന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: മണി. മക്കൾ: സനൽ, ബിന്ദു, സ്വപ്‌ന. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.