28 October, 2019 01:10:44 AM
പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണം: ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
തൊടുപുഴ: ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലയരയ സഭയുടെ സമ്മേളനത്തില്‍ പോകുന്നവരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമെ ഭൂമി ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കൃഷിയ്ക്കായി നല്‍കിയ പട്ടയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ തുടങ്ങാന്‍ കഴിയില്ല. പുതിയ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസിയും ആവശ്യമാണ്.