26 October, 2019 09:36:36 PM
ചികിത്സാപിഴവ്: മോഹനന്‍ വൈദ്യര്‍ പൊലീസില്‍ കീഴടങ്ങി; കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു
കായംകുളം: ചികിത്സാപിഴവുകള്‍ സംബന്ധിച്ച വിവിധ കേസുകളില്‍ ജില്ലാ കോടതി നിര്‍ദേശപ്രകാരം മോഹനന്‍ വൈദ്യര്‍ കായംകുളം പൊലീസില്‍ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനുള്ള കോടതി നിര്‍ദേശത്തെതുടര്‍ന്ന് ശനിയാഴ്ച സ്റ്റേഷനില്‍ എത്തുകയായിരുന്നു.തെളിവെടുപ്പിനുശേഷം കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.
ചികിത്സാ പിഴവില്‍ ഒന്നര വയസ്സുകാരി മരിച്ച സംഭവത്തില്‍ ബാലാവകാശ കമീഷന് ലഭിച്ച പരാതിയില്‍ മാരാരിക്കുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും സോറിയാസിസ് ചികിത്സാ പിഴവില്‍ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് മോഹനന്‍ വൈദ്യര്‍ മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികിത്സാലയത്തില്‍ എത്തിച്ച് തെളിവെടുത്തു. തുടര്‍ന്നാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ല മെഡിക്കല്‍ ഓഫിസറും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൃഷ്ണപുരം ഞക്കനാലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പരാതി വ്യാപകമായതോടെ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു.