25 October, 2019 10:34:26 AM
അഞ്ചു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി
കണ്ണൂര്‍: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി. അഞ്ചു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റാണ് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് കാണാതായത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയനാണ് തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയത്.
കണ്ണൂര്‍ സ്വദേശി അജിതനാണ് ടിക്കറ്റുമായി ബാങ്കില്‍ എത്തിയത്. തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു. ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ തന്നെ പിറകില്‍ തന്‍റെ പേര് എഴുതി വച്ചിരുന്നു. എന്നാല്‍ ഈ പേര് മായ്ച്ച് കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോട്ടറി വിറ്റ ഏജന്റില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 20നാണ് മണ്‍സൂണ്‍ ബംപറിന്‍റെ നറുക്കെടുപ്പ് നടന്നത്. ME174253 എന്ന കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.