18 October, 2019 07:02:27 AM
കുപ്പിയിൽ കൊടുത്ത പെട്രോളിന്‍റെ അളവിൽ കുറവെന്ന് പറഞ്ഞ് ബഹളം; പരാതിയുമായി പമ്പ് ഉടമ
ചേർത്തല: കുപ്പിയിൽ മേടിച്ച പെട്രോളിന്‍റെ അളവിൽ കുറവെന്ന് പറഞ്ഞ് പെട്രോള്‍ പമ്പില്‍ ബഹളം. ഉപഭോക്താവിനെതിരെ പരാതിയുമായി പമ്പ് ഉടമ. ബുധനാഴ്ച വൈകിട്ട് പൂച്ചാക്കൽ അരുകുറ്റിയിലുള്ള എച്ച് പിയുടെ പെട്രോൾ പമ്പിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
50 രൂപയ്ക്ക് കുപ്പിയില്‍ മേടിച്ച പെട്രോളിന്‍റെ അളവില്‍ ഗണ്യമായ കുറവ് കണ്ടെന്ന് ആരോപിച്ചാണ് ഉപഭോക്താവ് ബഹളം കൂട്ടിയത്. ഇതേ പമ്പില്‍ നിന്ന് ഇതേ തുകയ്ക്ക് മറ്റൊരു കുപ്പിയില്‍ പെട്രോള്‍ അടിച്ചപ്പോള്‍ കൃത്യമായ അളവില്‍ ആദ്യം വാങ്ങിയതിന്‍റെ ഇരട്ടി പെട്രോള്‍ ലഭിച്ചുവെന്നും പറയുന്നു. ഇരുകുപ്പികളും ഉയര്‍ത്തികാട്ടി പെട്രോള്‍ വാങ്ങിയ ആളും പമ്പില്‍ കൂടിയ ജനങ്ങളും ബഹളം കൂട്ടുന്ന വീഡിയോ ഇതിനകം വൈറലായി.
ഇതിനു പിന്നാലെയാണ് പമ്പ് ഉടമ സുബൈര്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ ആള്‍ അതുമായി വീട്ടില്‍ പോയി തിരികെ എത്തിയശേഷമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് ഇദ്ദേഹത്തിന്‍റെ പരാതിയില്‍ പറയുന്നത്. പരാതിയുമായി വന്നപ്പോള്‍ തന്നെ മറ്റൊരു കുപ്പിയില്‍ അടിച്ച പെട്രോളില്‍ കുറവ് കണ്ടെത്താനാവായില്ല എന്നതും ക്രമക്കേട് ഉണ്ടായിട്ടില്ല എന്നതിന് തെളിവാണെന്നാണ് ഇദ്ദേഹം ചൂണ്ടികാട്ടുന്നത്. വീഡിയോ വൈറലായതിനു ശേഷം കമ്പനി ടെക്നീഷ്യന്‍മാരും ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്താനായില്ലത്രേ.
ലഭിച്ച പെട്രോളിന്‍റെ അളവ് കുറവാണ് എന്ന് തോന്നിയിരുന്നുവെങ്കില്‍ അത് പമ്പില്‍വെച്ച് തന്നെ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നും വീട്ടില്‍ പോയി തിരിച്ചെത്തി ബഹളം കൂട്ടിയത് സംശയം ജനിപ്പിക്കുന്നു എന്നുമാണ് ഉടമ പറയുന്നത്. ഉടമയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൂച്ചാക്കല്‍ പോലീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു.