16 October, 2019 05:36:28 PM
വിദ്യാർഥിനി പ്രസവിച്ചത് വീടിന് സമീപത്തെ ബാത്ത് റൂമിൽ; കുഞ്ഞ് മരിച്ചെന്ന് സുഹൃത്തിന് മെസേജ്
കട്ടപ്പന: ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കട്ടപ്പനയിലെ വിദ്യാർഥിനിയായ പെൺകുട്ടിയാണ് വീട്ടിലെ ബാത്ത് റൂമിൽ പ്രസവിച്ചത്. ഗർഭിണിയായ വിവരം വീട്ടുകാർ അറിയാതെ സൂക്ഷിച്ച പെൺകുട്ടി ബാത്ത് റൂമിൽ പ്രസവം നടത്തുകയായിരുന്നു. തുടർന്ന് കുഞ്ഞ് മരിച്ചെന്ന് സുഹൃത്തിന് മെസേജ് അയക്കുകയും ചെയ്തു.
സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ ബാത്ത് റൂമിൽ നവജാത ശിശുവിനെ ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയിലായിരുന്നു സംഭവം. പൊലീസും ഫൊറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കട്ടപ്പനയിലെ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് വീട്ടിലെ ബാത്ത് റൂമിൽ പ്രസവിച്ചത്. കുഞ്ഞിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുഞ്ഞ് ചാപിള്ളയായിരുന്നു എന്നാണ് പെൺകുട്ടി നൽകുന്ന മൊഴി. സംഭവത്തിൽ മുരിക്കാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലാസ്റ്റിക് ബാഗിലാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടത്.