15 October, 2019 10:05:33 PM
രാത്രികാല ട്രോളിംഗ്: കണ്ണൂരില്‍ രണ്ടു ബോട്ടുകള്‍ പിടികൂടി; രണ്ടുലക്ഷം രൂപ പിഴയീടാക്കി
കണ്ണൂര്‍: ജില്ലയില്‍ യന്ത്രവത്കൃത ബോട്ടുകളുടെ നിയമവിരുദ്ധ രാത്രികാല ട്രോളിംഗ് നടത്തുകയായിരുന്ന രണ്ടു ബോട്ടുകള്‍ പിടികൂടി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് കണ്ണൂര്‍ വിംഗ് നടത്തിയ പരിശോധനയില്‍ നൈറ്റ് ട്രോളിംഗ് നടത്തുകയായിരുന്ന ബോട്ടുകളാണ് പിടികൂടിയത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ രണ്ടരലക്ഷം രൂപ വീതം പിഴയീടാക്കി. ബോട്ടുകളിലുണ്ടായിരുന്ന മത്സ്യം കണ്ടുകെട്ടി ലേലം ചെയ്തു.
കണ്ണൂര്‍, അഴീക്കല്‍, നീര്‍ക്കടവ് ഭാഗങ്ങളിലാണ് യന്ത്രവത്കൃത ബോട്ടുകള്‍ രാത്രിയില്‍ മീന്‍പിടിത്തത്തിന് ഇറങ്ങുന്നത്. പരമ്ബരാഗത വള്ളക്കാരുടെ മേഖലയില്‍ ബോട്ടുകളുടെ നൈറ്റ് ട്രോളിംഗ് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകുന്നു. രാത്രിയില്‍ ബോട്ടുകളുടെ ട്രോളിംഗ് നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. ബോട്ടുകളുടെ നൈറ്റ് ട്രോളിംഗ് കടലിന്റെ സന്തുലിതാവസ്ഥയ്ക്കും മത്സ്യങ്ങളുടെ നാശത്തിനും പ്രജനനത്തിനും തടസ്സമാവുകയും ചെയ്യുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, നിരോധനം വകവെക്കാതെ യഥേഷ്ടം ട്രോളിംഗ് തുടരുന്നു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി കെ ഷൈനി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ് ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ടുകള്‍ പിടികൂടിയത്. സുരക്ഷാ ഉപകരണങ്ങളില്ലാതെ കടലില്‍ പോയ മറ്റു രണ്ടു ബോട്ടുകളും പിടികൂടിയിരുന്നു. ഇവയില്‍നിന്ന് 25,000 രൂപ പിഴയീടാക്കുകയും ചെയ്തു.