11 October, 2019 08:27:12 PM
മംഗലം ഡാമിനടുത്ത് പൊന്‍കണ്ടത്ത് വീട്ട് വളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി
മംഗലം ഡാം: വീട്ട് വളപ്പിൽ മരത്തിൽ ചുറ്റി കിടന്നിരുന്ന രാജവെമ്പാലയെ പിടികൂടി. വെള്ളിയാഴ്ച രാവിലെ മംഗലംഡാമിനടുത്ത് പൊൻകണ്ടം പരേതനായ ലൈൻമാൻ സണ്ണിയുടെ വീടിന്‍റെ പുറക് വശത്തുള്ള മാവിൽ ചുറ്റി കിടക്കുന്ന നിലയിലാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. വിവരമറിയിച്ചതനുസരിച്ച് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തിയാണ് എട്ടടിയിലധികം നീളം വരുന്ന പാമ്പിനെ പിടികൂടിയത്. ബി.എഫ്.ഒ. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ വാച്ചർമാരായ റഷീദ്, ജോയൽ, ജോയ്സ്, മണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
റഷീദ് പാമ്പ് പിടിത്തത്തിൽ വിദഗ്ധനായ ആളാണെന്നും ഇദ്ദേഹം ഇതിന് മുമ്പ് മുപ്പത്തിയെട്ട് പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച മുമ്പ് നെന്മാറ ഡിവിഷനിൽപ്പെട്ട വനപാലകർക്ക് മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷനിൽ വെച്ച് പാമ്പ് വിദഗ്ധരായ അഹമ്മദ് ബഷീർ, സിദ്ധാർഥ് എന്നിവർ വന്ന് പാമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം കൊടുത്തിരുന്നു. ഇതും എളുപ്പത്തിൽ പാമ്പിന് പരിക്കൊന്നും ഏല്പിക്കാതെ പിടികൂടാൻ സഹായകമായി. പിടികൂടിയ രാജവെമ്പാലയെ നെല്ലിയാമ്പതി വനത്തിൽ കൊണ്ട് വിട്ടതായി മംഗലം ഡാം ഫോറസ്റ്റ് അധികൃതർ അറിയിച്ചു.