06 October, 2019 10:52:57 AM
വണ്ടിപ്പെരിയാർ കന്നിമാർചോലയിൽ ഏലം സ്റ്റോറും, വീടും കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
വണ്ടിപ്പെരിയാർ : വെളുപ്പിനെ 4 മണിയോടെയാണ് കന്നിമാർ ചോലയിലെ ഏലം സ്റ്റോറിനും, വീടിനും തീ പിടിച്ചത്. സ്റ്റോറും, വീടും പൂർണ്ണമായി കത്തി നശിച്ചു. കന്നിമാർചോല മുത്തുകൗണ്ടർ, രാജേശ്വരി എന്നിവരാണ് സ്റ്റോർ നടത്തി വന്നത്. സ്റ്റോറിനുള്ളിൽ ഏലയ്ക്കാ ഉണക്കാനായി ഇട്ടതിനു ശേഷം മുത്തുകൗണ്ടർ വീടിനു വെളിയിൽ കിടക്കുക ആയിരുന്നു. അകത്ത് നിന്ന് ശബ്ദം കേട്ടതോടോപ്പം, ചൂട് കൂടിയതുമാണ് സ്റ്റോർ റൂമിൽ തീ പിടിച്ചു എന്ന് ഇവർക്ക് മനസിലായത്.
പ്രായമായ ഇവർ രണ്ട് പേരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചു എങ്കിലും തീ ആളിക്കത്തി. ഉടൻ തന്നെ സമീപത്ത് ഉള്ളവരെ വിവരം അറിയിച്ചു. നാട്ടുകാരും, അഗ്നിശമന സേനയും ചേർന്നാണ് തീ പൂർണ്ണമായി കെടുത്തിയത്. ഏലം ഡ്രയറിൽ നിന്ന് തീപ്പൊരി പറന്നതോ, ഷോർട്ട് സർക്യൂട്ടോ ആകാം തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. അഞ്ഞൂറ്റി നാല്പത് കിലോ പച്ച ഏലയ്ക്ക, അറുനൂറ് കിലോ ഉണക്ക ഏലയ്ക്ക, ഡ്രയർ, ഇരുചക്രവാഹനം എന്നിങ്ങനെ നിരവധി സാധനങ്ങൾ അഗ്നിക്ക് ഇരയായി. ഏകദേശം 35 ലക്ഷത്തിന് മുകളിൽ നഷ്ടമുള്ളതായി കണക്കാക്കുന്നു.