22 September, 2019 09:04:37 PM
'പാലാരിവട്ടം പുട്ട്': പാലാരിവട്ടം പാലം പോലെ തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍ ! വൈറലായി പരസ്യം
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്‍റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ വിവാദമായ പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ടിന്‍റെ പരസ്യവും. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്‍റിന്‍റെ 'പാലാരിവട്ടം പാലം' എന്ന പേരിലുള്ള പുട്ടിന്‍റെ പരസ്യം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പാലാരിവട്ടം പാലംപോലെതന്നെ പാലാരിവട്ടം പുട്ടിന്‍റേത് തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍ ആണെന്നാണ് ഇവരുടെ പരസ്യവാചകം.
പാലത്തിന്‍റെ പേരില്‍ നിരവധി വിവാദങ്ങളും ഇതിനോടകം ഉയര്‍ന്നിരുന്നു. പുതുതായി പുട്ടിനും പാലത്തിന്‍റെ പേര് നല്‍കിയത് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്റുകളും നിറയുന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധിയാളുകളാണ് ഈ പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്. നടനും സംവിധായകനുമായ വിനീത് ശ്രീനീവാസനും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.