22 September, 2019 07:53:54 PM
പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ക്ലാസ് മുറിയില്‍ ക്രൂരമര്‍ദ്ദനം
ഇടുക്കി: പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കോളേജ് അധികൃതരും പോലീസും ശ്രമിക്കുന്നതായി ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഇടുക്കി മുരിക്കാശ്ശേരി മാര്‍ സ്ലീവാ കോളേജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ താടിയെല്ലിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സഹപാഠിയായ ജിത്തു ജോണ്‍ പെണ്‍കുട്ടിയെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
എന്നാല്‍ യുവാവില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ പെണ്‍കുട്ടി ഈ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം ജിത്തു തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണത്തിന് ജിത്തുവിന്‍റെ ചില സുഹൃത്തുക്കളും സഹായിച്ചതായി കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ ജിത്തുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്ക് വേണ്ടി അന്വേഷണത്തിലാണെന്നുമാണ് മുരിക്കാശ്ശേരി പോലീസ് പറയുന്നത്.