19 September, 2019 06:36:56 PM
പാഴ്സലായി വാങ്ങിയ ബിരിയാണിയില്‍ പാറ്റ; ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ മര്‍ദനമേറ്റ് അവശനിലയില്‍
പയ്യന്നൂര്‍: വീട്ടിലേക്ക് പാഴ്സലായി വാങ്ങിക്കൊണ്ടുപോയ ബിരിയാണിയില്‍ പാറ്റയെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ കൊക്കാനിശേരി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കൂത്തൂര്‍ ഹൗസില്‍ ജിഷ്ണു (32)വിനാണ് മര്‍ദനമേറ്റത്. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം.
ജോലികഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ തെക്കേ ബസാറിലെ ഒരു ഹോട്ടലില്‍നിന്നു ബിരിയാണി വാങ്ങിയിരുന്നു. വീട്ടിലെത്തി കഴിക്കാനൊരുങ്ങവേയാണ് പാഴ്സലിനകത്തെ ബിരിയാണിയില്‍ പാറ്റയെ കണ്ടതെന്ന് പറയുന്നു. തുടര്‍ന്ന് ഈ വിവരം പറയാന്‍ ഹോട്ടലില്‍ എത്തിയ ജിഷ്ണുവും ഹോട്ടലുടമയുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്നാണ് പുറമെ നിന്നെത്തിയവര്‍ കസേരകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചത്.
മര്‍ദനം നടന്നയുടന്‍ ഹോട്ടലുടമ ഹോട്ടല്‍ പൂട്ടി സ്ഥലം വിട്ടുവത്രേ. വിവരമറിഞ്ഞ് പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബുവും സംഘവും സ്ഥലത്തെത്തി. ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവില്നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. തന്നെ മര്‍ദിച്ച കേബിള്‍ തൊഴിലാളിയുള്പ്പെടെയുള്ളവരുടെ വിവരം ജിഷ്ണു നലകിയ മൊഴിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.