14 September, 2019 11:21:10 AM


കിയാലിലെ നിയമന ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ നീക്കമെന്ന് ആരോപണം



കണ്ണൂര്‍:  കണ്ണൂർ വിമാനത്താവളത്തിലെ നിയമന ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ നീക്കം നടത്തുന്നു. നിലവിലെ എംഡി അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിനായി സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ല. കോടതി നിർദ്ദേശ പ്രകാരം പരാതിക്കാരൻ അപേക്ഷ നൽകി 90 ദിവസം കഴിഞ്ഞിട്ടും സർക്കാർ അനങ്ങുന്നില്ല. കണ്ണൂർ വിമാനത്താവളത്തിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും  ബന്ധുക്കള്‍ക്കും നിയമനം നൽകിയെന്നാണ് പൊതുപ്രവർത്തകനായ ബ്രിജിത്ത് കൃഷ്ണ തലശ്ശേരി വിജിലൻസ് കോടതിയിൽ നൽകിയ പരാതി.


കിയാൽ എംഡി തുളസിദാസ്, മുൻ എംഡി ചന്ദ്രമൗലി എന്നിവരുള്‍പ്പടെ ഏഴു പേർക്കെതിരെയായിരുന്നു ഹർജി. സർക്കാരിന്‍റെ കീഴുള്ള ഒരു കമ്പനിയിൽ നടന്ന ക്രമക്കേടാണെന്ന പരാതിക്കാരന്‍റെ വാദം പരിഗണിച്ചാണ് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി തീരുമാനമെടുത്തത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ആരോപണം നേടിരുന്നവർക്കെതിരെ പരാതിക്കാരൻ തന്നെ സർക്കാരിൽ നിന്നും പ്രോസിക്യൂഷൻ അനുമതി വാങ്ങണം.


പ്രോസിക്യൂഷൻ അനുമതി സമർപ്പിക്കാനുള്ള തലശേരി കോടതിയുടെ ഉത്തരവ് ചൂണ്ടികാട്ടി മെയ് 29നാണ് പരാതിക്കാൻ ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചത്. പക്ഷെ ഇതുവരെയും സർക്കാർ അനുമതി നൽകിയിട്ടില്ല. അനുമതി നിഷേധിക്കുന്നതിൽ സർക്കാർ ഇതുവരെ വിശദീകരണം നൽകിയിട്ടുമില്ല. അടുത്തിടെ കിയാലിന്‍റെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്താൻ എജിക്ക് അനുമതി നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് നിയമനങ്ങളിലെ അന്വേഷണത്തിന് സർക്കാർ തടസ്സം നിൽക്കുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K