11 September, 2019 12:51:15 PM


അർബുദം ഇല്ലാതെ കീമോ തെറാപ്പി: നീതി ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിന് മുന്നില്‍ സമരവുമായി രജനി



മാവേലിക്കര: അർബുദം ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരവുമായി കുടശ്ശനാട്‌ സ്വദേശി രജനി. സംഭവത്തില്‍ ആർക്കെതിരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തിരുവോണ നാളില്‍ രജനി സമരം ആരംഭിച്ചിരിക്കുന്നത്. ചികിത്സാ പിഴവ്  വരുത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക, കുടുംബത്തിന്  നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രജനിയുടെ സമരം.


കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പി നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സ്വകാര്യ ലാബിലെ തെറ്റായ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് രജനിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോ ചെയ്തത്. മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‍ക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോപ്സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വകാര്യലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് ക്യാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പരാതിക്കാധാരം.


ചികിത്സാ പിഴവിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെ ആരോഗ്യ  വകുപ്പ്  ഡോക്ടർമാരുടെ വിദഗ്‌ധ സംഘത്തെ അന്വേഷണതിന് നിയോഗിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് സംഘം സര്‍ക്കാരിന്  സമര്‍പ്പിച്ചിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂൺ മാസത്തിൽ  മുഖ്യമന്ത്രിയെ  കണ്ടു. ചീഫ് സെക്രയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രജനിക്കും കുടുംബത്തിനും സഹായം  നൽകുമെന്ന്    മുഖ്യമത്രി നിയമസഭയിൽ ഉറപ്പ്  നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ബിജെപി  മാവേലിക്കര  നിയോജക മണ്ഡലം  കമ്മിറ്റിയുടെ പിന്തുണയിലാണ് താലൂക്ക്  ഓഫീസ് പടിക്കൽ ഇപ്പോള്‍ സമരം നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K