01 September, 2019 10:44:53 PM


നെടുങ്കണ്ടത്ത് സ്കൂട്ടറിലേയ്ക്ക് സ്വകാര്യബസ് ഇടിച്ചു കയറി കോളേജ് വിദ്യാർത്ഥി മരിച്ചു



നെടുങ്കണ്ടം: കൽക്കൂന്തലിൽ സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് സ്വകാര്യ ബസ്സ് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ജ്യേഷ്ഠസഹോദരന് സാരമായി പരിക്കേറ്റു. ഉടുമ്പൻചോല ഉഷാഭവനില്‍ അനിൽകുമാർ - ബിന്ദു ദമ്പതികളുടെ മകനും ശാന്തൻപാറ ഗവ. കോളേജ് രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിയുമായ അഭിമന്യു (അനന്ദു-19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠൻ അഭിജിത്തിനെ (23) പരിക്കുകളോടെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 10.25ഓടെയാണ് അപകടം നടന്നത്. സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കുവാനായി നെടുങ്കണ്ടത്തേയ്ക്ക് പോകുകയായിരുന്നു ഇരുവരും. നെടുങ്കണ്ടത്ത് നിന്നും രാജാക്കാടിന് പോകുകയായിരുന്ന സ്വകാര്യ ബസ്സ് മൂന്ന് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത്  എതിരെ നിന്നും വരികയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് കയറി. ബൈക്ക് ഓടിക്കുകയായിരുന്ന അഭിമന്യുവിന്‍റെ തലയുടെ വലതു ഭാഗത്താണ് ഗുരുതര പരുക്കേറ്റത്.

നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിമന്യുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സിപിഎം ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ. പി. സുനിൽകുമാറിന്‍റെ സഹോദരപുത്രനാണ് മരിച്ച അഭിമന്യു. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. അപകടത്തിന് ശേഷം ഡ്രൈവർ ഒളിവിൽപ്പോയി. ബസ്സ് കസ്റ്റഡിയിലെടുത്ത്  നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K