29 August, 2019 07:27:40 AM
നേര്യമംഗലം പവര്‍ഹൗസില്‍ അഗ്നിബാധ: ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി; വൈദ്യുതി ഉല്‍പാദനം നിര്‍ത്തി
അടിമാലി: പനംകുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേര്യമംഗലം പവര്‍ഹൗസില്‍ പ്രധാന സ്‌റ്റേഷന്‍ കെട്ടിട സമുച്ചയത്തിനു സമീപം വന്‍ അഗ്‌നിബാധ. ദുരന്തം വഴിമാറിയതു തലനാരിഴയ്ക്ക്. വൈദ്യുതി ഉല്‍പാദനവും വിതരണവും നിര്‍ത്തിവച്ചു. പവര്‍ഹൗസിനു സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ യാര്‍ഡില്‍ ബുധനാഴ്ച രാത്രി 7.15നാണ് അഗ്‌നിബാധയുണ്ടായത്.
യാര്‍ഡില്‍ അഞ്ച് ട്രാന്‍സ്‌ഫോര്‍മറുകളാണുള്ളത്. ഇതില്‍ നാലാമതായി സ്ഥാപിച്ചിരിക്കുന്ന 11 കെ.വി. ട്രാന്‍സ്‌ഫോര്‍മറിനാണു തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് ട്രന്‍സ്‌ഫോര്‍മറിനു സമീപമുണ്ടായിരുന്ന ഓയിലിനു തീ പിടിക്കുകയായിരുന്നു. പരിശോധനയ്ക്കു ശേഷം മാത്രമെ നാശനഷ്ടത്തിന്റെ കണക്ക് ലഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. ഉടന്‍ തന്നെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തി. 30 അടിയോളം ഉയരത്തില്‍ തീ പടര്‍ന്ന് കത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ സ്‌ഫോടനം നടക്കുമായിരുന്നു. ഇത്തരത്തില്‍ പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചതു മൂലമാണ് പവര്‍ഹൗസിന്റെ പ്രധാന സ്‌റ്റേഷന്‍ സംരക്ഷിക്കാനായത്.
പവര്‍ ഹൗസിന്റെ ഉല്‍പാദന വിഭാഗത്തിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ല. വിതരണ വിഭാഗത്തില്‍ മാത്രമാണ് തകരാര്‍. അടിമാലി, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും കരിമണല്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. പവര്‍ഹൗസിന് അകത്തുള്ള ജീവനക്കാരെ ഉടന്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. 77.5 മെഗാവാട്ടാണ് ഇവിടത്തെ വൈദ്യുതി ഉല്‍പാദനം. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നാല്‍ മാത്രമെ അഗ്‌നിബാധയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ.