29 August, 2019 07:11:00 AM


'എനിക്കായ് ഈ ചുവട്' : പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം

തിരുവനന്തപുരം  : 'എനിക്കായ് ഈ ചുവട്' പദ്ധതിയിലൂടെ 15 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം ഒരുക്കുകയാണ് അസാപ്പിന്റെ ഷീ  സ്‌കില്‍സ് പദ്ധതി. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് അംഗീകാരമുള്ള കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീട്ടെയില്‍, ബാങ്കിംഗ്, അപ്പാരല്‍, ബ്യൂട്ടി ആന്റ് വെല്‍നസ്, ഫുഡ് പ്രോസസിംഗ്, ഹെല്‍ത്ത് കെയര്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളിലാണ് പരിശീലനം.

കരിയര്‍-സംരംഭകത്വ മാര്‍ഗ നിര്‍ദേശങ്ങള്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള നിര്‍ബന്ധ തൊഴിലിട പരിശീലനം, പ്ലേസ്‌മെന്റ് സാധ്യതാ വര്‍ധനവ്, ദേശീയ നിലവാരമുള്ള എന്‍.എസ്.ക്യു.എഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പദ്ധതിയുടെ സവിശേഷതകള്‍. അസാപ്പ് തിരഞ്ഞെടുത്ത ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്‌സ് കണ്ടെത്തി നല്‍കുന്ന കേന്ദ്രങ്ങളിലാണ് പരിശീലന ക്ലാസുകള്‍. പട്ടികജാതി-പട്ടികവര്‍ഗ,  ബി.പി.എല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യമായും എ.പി.എല്‍-ജനറല്‍ കാറ്റഗറി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം സബ്‌സിഡി ഇളവും ഫീസിനത്തില്‍  നല്‍കും.

മൂന്ന് മാസക്കാലമാണ് നൈപുണ്യ പരിശീലന-ഇന്റേണ്‍ഷിപ്പ് കാലാവധി. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

http://asapkerala.gov.in/flashnews/she-skills-2019-application-link/

അസാപ്പ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയവ  വഴിയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ്  31. സെപ്റ്റംബര്‍ ഏഴിന് അഡ്മിഷന്‍ ആരംഭിക്കും. അപേക്ഷാഫീസ് സൗജന്യം. അര്‍ഹരായവരെ മാനദണ്ഡങ്ങള്‍ പ്രകാരം അസാപും പരിശീലന ഏജന്‍സിയും ചേര്‍ന്ന് തിരഞ്ഞെടുക്കും. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രിതലം വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കായി കേരളപുരത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9495999629.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K