25 August, 2019 11:00:21 AM
ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും കൊണ്ട് ടൂർ പോകണമെന്നു പറഞ്ഞ് ബഹളം; ഭർത്താവ് അറസ്റ്റിൽ
മൂന്നാര്‍: ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നു പറഞ്ഞ് ബഹളംവെച്ച ഭർത്താവ് അറസ്റ്റിൽ. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് ആശുപത്രിയിലെത്തി ബഹളം വച്ചതിനാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിലാണ് നാടകീയ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. ഇതിന്‍റെ സന്തോഷത്തിൽ അടുത്തുള്ള ബാറിൽ പോയി നവീനും കൂട്ടുകാരനും മദ്യപിച്ചെന്നാണ് റിപ്പോർട്ട്. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാനും ശ്രമം നടത്തി. ഇത് ജീവനക്കാർ തടഞ്ഞു. അതോടെ വാക്കുതർക്കവുമായി.
ഇതിന് പിന്നാലെയായിരുന്നു വിചിത്ര ആവശ്യവുമായി യുവാവ് രംഗത്തെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നുതന്നെ കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നും ഉടനെ ഡിസ്ചാർജ് ചെയ്യണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തമാശയെന്നാണ് ആദ്യം ആശുപത്രി അധികൃതർ കരുതിയത്. പക്ഷേ യുവാവ് കാര്യമായിതന്നെയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പോലീസില്‍ വിവരമറിയിക്കുകായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് കോടതിയിൽ ഹാജരാക്കി.