22 August, 2019 04:33:25 PM
സീറ്റ് ബെല്‍റ്റിടാതെ ഔദ്യോഗിക വാഹനത്തില്‍ യാത്ര: വീഡിയോ വൈറലായി; പൊലീസുകാര്‍ക്ക് സ്ഥലംമാറ്റവും
ആലപ്പുഴ: സീറ്റ് ബെല്‍റ്റിടാതെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത രണ്ട് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. പൊലീസുകാരുടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ഇരുവരെയും സ്ഥലംമാറ്റിയത്. അരൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വീരേന്ദ്രകുമാറിനെ കായംകുളത്തേക്കും, വാഹനം ഓടിച്ചിരുന്ന അസിസ്റ്റന്‍റ് എസ്‌ഐ സിദ്ധാര്‍ത്ഥിനെ എ.ആര്‍ ക്യാമ്പിലേക്കുമാണ് സ്ഥംലമാറ്റിയത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ശ്രീലങ്കന്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടി പോയ ശേഷം സ്റ്റേഷനിലേക്കു മടങ്ങുന്നതിനിടെയാണ് പൊലീസുകാര്‍ കാമറയുടെ കെണിയില്‍ കുടുങ്ങിയത്. ജീപ്പിനെ മറികടന്നെത്തിയ ബൈക്ക് യാത്രക്കാരന്‍ 'നിയമം പൊലീസിനും ബാധകമാകേണ്ടതാണല്ലോ സാറേ, സീറ്റ് ബെല്‍റ്റൊക്കെ ഇടാം.' എന്ന് പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ കേട്ട ഭാവം കാണിച്ചില്ല. പോരെങ്കില്‍, അതിന് തനിക്കെന്തു വേണം എന്നൊരു പൊലീസ് മുറയും! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.