18 August, 2019 05:34:05 AM
60 കിലോ ചന്ദനത്തടിയുമായി ഉപ്പുതറയിൽ മൂന്നു പേര്‍ പിടിയില്‍
കട്ടപ്പന: 60 കിലോ ചന്ദനത്തടിയുമായി ഉപ്പുതറയിൽ മൂന്ന് പേരെ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തു. കട്ടപ്പന ഫോറസ്‌റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്‌ഥര്‍ നടത്തിയ വാഹന പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്. ചന്ദനത്തടി കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. ഇന്നലെ 3.30നാണു ചന്ദനത്തടിയുമായെത്തിയ സംഘത്തെ ചപ്പാത്തില്‍ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്.
വെള്ളാരംകുന്ന് സ്വദേശികളായ പുത്തന്‍പുരയ്‌ക്കല്‍ സജി തോമസ് (39), ചേരുംതടത്തില്‍ വില്‍സണ്‍ ജോസ് (47), മ്ലാമല സ്വദേശി ജോസ് ചാക്കോ (60) എന്നിവരാണു പിടിയിലായത്. ഇവര്‍ ചന്ദനത്തടി കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും കസ്‌റ്റഡിയിയിലെടുത്തു. വില്‍സന്റെ ഉടമസ്‌ഥതയിലുള്ളതാണു വാഹനം. കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ചന്ദനത്തടികള്‍. പിടിയിലായ പ്രതികളില്‍ ജോസ് ചാക്കോ മുമ്പും ചന്ദനം കടത്തിയ കേസില്‍ അറസ്‌റ്റിലായിട്ടുണ്ട്.
കട്ടപ്പന ഫോറസ്‌റ്റ് റേയിഞ്ച് ഓഫീസര്‍ എം.പി പ്രസാദ്, എസ്.എഫ്.ഒ പി.എ ഷാജിമോന്‍, ബി.എഫ്.ഒമാരായ കെ.കെ പ്രമോദ്, പ്രിന്‍സ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.