11 August, 2019 07:10:28 PM
അപകടം പതിയിരിക്കുന്നു; പ്രളയ മേഖലകളിലെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത വേണം
പാലക്കാട്: പ്രളയത്തില്‍ വെള്ളം കയറിയ വീടുകളിലേക്ക് മടങ്ങുന്നവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഒറ്റയ്ക്ക് വീട്ടിലേക്ക് പോകരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒന്നിച്ചു മാത്രം പോകുക.
ആദ്യമായി വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്.
വീടിനകത്ത് കയറുന്നതിന് മുന്‍പ് വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
ജനലുകള്‍, വാതിലുകള്‍ എന്നിവ ബലം പ്രയോഗിച്ച് തള്ളിത്തുറക്കരുത്. അവ ഇടിഞ്ഞു വീഴുവാന്‍ സാധ്യതയുണ്ട്.
വൈദ്യുതി മെയിന്‍ സ്വിച്ച് ശ്രദ്ധയോടെ ഓഫ് ചെയ്യുക.
വീടിനുള്ളില്‍ കയറിയാലുടന്‍ ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യുക. തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരി തുടങ്ങിയവ കത്തിക്കുവാന്‍ പാടില്ല.
വൈദ്യുത ഉപകരണങ്ങള്‍ സ്വയം പരിശോധിക്കാതെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നിവരുടെ സഹായം തേടുക.
ഫ്രിഡ്ജ്, ഫ്രീസര്‍ തുടങ്ങിയവ തുറക്കുമ്പോള്‍ ഗ്യാസും, ദുര്‍ഗന്ധവും ഉണ്ടാവാനും മൂടി ശക്തമായി തളളിതുറക്കുമ്പോള്‍ അപകടം സംഭവിക്കാനും സാധ്യതയുണ്ട്.
വീട്ടു പരിസരത്ത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതശരീരമുണ്ടെങ്കില്‍ അതില്‍ കൈകൊണ്ട് തൊടരുത്.
വീടിനകത്തും പുറത്തും പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഉണ്ടാകും.
പാമ്പുകടിയേറ്റാല്‍ മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുക.
ഭക്ഷണം പാകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 2/3 സ്പൂണ്‍ ഡിറ്റര്‍ജന്‍റ് പൗഡറും) ഉപയോഗിച്ച് അണുനശീകരണം നടത്തിയതിനും ശേഷം മാത്രം ഉപയോഗിക്കുക.
പനി, പനിയോടൊപ്പം തടിപ്പുകളും തിണര്‍പ്പുകളും, വയറിളക്കം, ഛര്‍ദ്ദി ഇവയുണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുക.
വെള്ളം ശുദ്ധീകരിക്കാനും വീടുകള്‍ അണുവിമുക്തമാക്കാനും ഏറ്റവും നല്ലത് ക്ലോറിനേഷനാണ്.
കക്കൂസ് മാലിന്യംമൂലം മലിനമാകാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍, ഫിനോയില്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക.
പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക ഉപയോഗിക്കാം.
കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ (1000 ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുക.
കുപ്പിവെള്ളം 20 മിനിറ്റ് തിളപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.
വെള്ളപ്പൊക്കത്തിനു മുമ്പ് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.