11 August, 2019 06:17:01 PM
കുട്ടനാട്ടില്‍ കൂട്ട ഒഴിപ്പിക്കല്‍; മടവീണു മേഖലയിലെ മൂന്നു പാടശേഖരങ്ങള്‍ വെള്ളത്തിനടിയില്‍
ആലപ്പുഴ: കുട്ടനാട്ടില്‍ കൂട്ടഒഴിപ്പിക്കല്‍. മടവീണു മേഖലയിലെ മൂന്നു പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് ജനങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കൈനകരിയില്‍ കനകാശേരി പാടശേഖരത്തില്‍ മടവീണതിനെ തുടര്‍ന്നാണു വലിയകരി, മീനപ്പള്ളി പാടങ്ങള്‍ നിറഞ്ഞത്. മറ്റുപല പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
കൈനകരിയില്‍ 400-ല്‍ അധികം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവറുടെ എണ്ണം മൂവായിരമായി. ആലപ്പുഴ നഗരത്തിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍. കോട്ടയത്തിന്റെ പടിഞ്ഞാറന്മേഖലകളിലും വീടുകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. കഐസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോട്ടയത്ത് നിന്നും ചേര്‍ത്തല, കുമരകം, ആലപ്പുഴ, മൂന്നാര്‍ എന്നിഭാഗങ്ങളിലേക്കുളള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്.