06 August, 2019 07:07:47 PM
കേരളത്തിലെ ഏറ്റവും ചിലവ് കൂടിയതും വലുതുമായ പെരുമ്പളം പാലത്തിന്‍റെ നിര്‍മ്മാണം ഉടന്‍ - ജി.സുധാകരന്‍
ആലപ്പുഴ: വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്നതും 15,000 ത്തോളം ജനങ്ങള്‍ അധിവസിക്കുന്നതുമായ ദ്വീപായ പെരുമ്പളത്തു നിന്നും ചേര്‍ത്തല മെയിന്‍ലാന്‍റിലേക്ക് പണിയുന്ന പാലത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. വള്ളങ്ങളെയും ബോട്ടുകളെയും ജങ്കാർ സര്‍വ്വീസിനെയും ആശ്രയിച്ചിരുന്ന പെരുമ്പളത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമേകുന്ന പാലം കേരളത്തിലെ ഏറ്റവും ചിലവ് കൂടിയതും വലുതുമായ പാലങ്ങളില്‍ ഒന്നായിരിക്കും എന്നും അദ്ദേഹം തന്‍റെ ഫേസ് ബുക്ക് പോജിലൂടെ അറിയിച്ചു.
ആലപ്പുഴ എം.പി അഡ്വ എ.എം.ആരിഫ് അരൂർ എം.എല്‍.എ ആയിരുന്നപ്പോഴാണ് നാട്ടുകാരുടെ ആഗ്രഹപ്രകാരം പാലത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയും പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് അത് അംഗീകരിക്കുകയും കിഫ്ബിയിലൂടെ 100 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കുകയും ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 400 ലേറെ പാലങ്ങളാണ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. അതില്‍ പെരുമ്പളം പാലം തുകയിലും വലിപ്പത്തിലും കേരളത്തില്‍ ഏറ്റവും മുന്നില്‍ വന്നിരിക്കുന്ന പാലമാണ്.
പാലത്തിന്‍റെ തറക്കലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം - പൂത്തോട്ട - തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. 35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും 55 മീറ്റര്‍ നീളമുള്ള 3 ബോസ്ട്രീംഗ് സ്പാനുകളും ഉള്‍പ്പെടെ 1110 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 7.50 മീറ്റര്‍ വീതിയില്‍ കാര്യേജ് വേയും ഇരുഭാഗത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയും പാലത്തിന് ഉണ്ടായിരിക്കും.
അരൂര്‍ നിയോജക മണ്ഡലത്തിലെ പെരുമ്പളത്തെയും പാണാവള്ളിയെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണത്തിന്‍റെ കരാറുകാരനെ തെരഞ്ഞെടുത്തു. ടെണ്ടറുകളില്‍ ഏറ്റവും കുറച്ച് ക്വാട്ട് ചെയ്ത സെഗ്രോറ - ഇന്‍ങ്കല്‍ കണ്‍സോർഷത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷമാണ് പാലത്തിന്‍റെ നിര്‍മ്മാണ കാലാവധി. രണ്ടാം ഘട്ടമായി പെരുമ്പളം - വട്ടവയല്‍ പാലവും തുടര്‍ന്ന് വട്ടവയല്‍ - പൂത്തോട്ട പാലവും പൂര്‍ത്തിയാകുന്നതോടുകൂടി ടൂറിസം സാധ്യതയുള്ള പെരുമ്പളം ദ്വീപിന്‍റെ സമഗ്ര വികസനം സാധ്യമാവുകയും ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളെ ഏറ്റവും എളുപ്പം ബന്ധിപ്പിക്കുന്ന പാതയായി മാറുകയും ചെയ്യുമെന്ന് സുധാകരന്‍ ചൂണ്ടികാട്ടുന്നു.