02 August, 2019 07:02:54 PM
ഹെൽമെറ്റില്ലെങ്കില്‍ ലഡു! ബോധവത്ക്കരണത്തില്‍ വ്യത്യസ്തതയുമായി പാലക്കാട് ട്രാഫിക് പോലീസ്
- സംഗീത എന്‍.ജി
പാലക്കാട്: ഹെൽമറ്റ് വെയ്ക്കാതെ വരുന്നവര്‍ക്ക് ഇന്ന് ലഡു. നാളെ 1000 രൂപ പിഴ. പാലക്കാട് ട്രാഫിക് പോലീസിന്‍റേതാണ് ഏറെ വ്യത്യസ്തതയോടെയുള്ള ഈ ബോധവല്‍ക്കരണം. വാഹന പരിശോധനയിൽ തെറിയും, പിഴയുമൊന്നുമില്ലാതെ ചിരിച്ച മുഖവുമായി കൈയ്യിൽ ലഡുവുമായി എത്തിയ പോലീസ് ഏമാൻമാരെ കണ്ടു യാത്രക്കാർ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ എട്ട് വരെ എസ്ബിഐ ജംഗ്ഷനിലായിരുന്നു പോലീസിന്‍റെ പുതുമയാര്‍ന്ന പരിപാടി. 200 ലഡുവാണ് വിതരണം ചെയ്തത്. ഇരുചക്രവാഹനയാത്രക്കാരില്‍ പലരും ഏറെ ബുദ്ധിമുട്ടിയാണ് ലഡു ഏറ്റുവാങ്ങിയത്. ലഡുവിന് പിന്നാലെ മറ്റ് വല്ല ശിക്ഷയും വരുന്നുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. ഇനി ഹെല്‍മെറ്റ് ഇല്ലാതെ നിരത്തിലിറങ്ങില്ലെന്ന് ഉറപ്പ് നല്‍കിയാണ് ചിലര്‍ യാത്ര തുടര്‍ന്നത്.
കഴിഞ്ഞ നാല് വെള്ളിയാഴ്ചകളിലായി പാലക്കാട് ട്രാഫിക് പോലീസ് വ്യത്യസ്തതകളുമായി മുന്നേറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഹെല്‍മെറ്റ് ഇല്ലാതെയുള്ള ഇരുചക്രവാഹനയാത്രക്കാരെ സ്വീകരിച്ച പോലീസ് അവര്‍ക്ക് 100 രൂപ പിഴയിട്ടിരുന്നു. അതേസമയം, ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്തവര്‍ക്ക് മിഠായിയും നല്‍കിയാണ് വിട്ടത്. മിഠായി നല്‍കിയപ്പോള്‍ യാത്രക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണമാണ് പോലീസിനെ ഒന്നു മാറ്റി ചിന്തിപ്പിച്ചത്. അങ്ങിനെയാണ് ഹെല്‍മെറ്റ് വെയ്ക്കാത്തവര്‍ക്ക് ലഡു നല്‍കാനുള്ള തീരുമാനമെടുത്തത്. പോയിന്‍റ് ഡ്യൂട്ടിയിലേക്ക് നീങ്ങുന്നതിന് മുമ്പ് നടന്ന പരിപാടിയില്‍ 60ലധികം പോലീസുകാര്‍ പങ്കെടുത്തു.
ആദ്യ രണ്ട് വെള്ളിയാഴ്ചകളില്‍ റോഡിലെ കുഴികള്‍ അടച്ചുകൊണ്ടായിരുന്നു പോലീസ് നാട്ടുകാര്‍ക്ക് മാതൃകയായത്. ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയ കല്‍മണ്ഡപം ജംഗ്ഷനിലും കാടാങ്കോടും ഉണ്ടായിരുന്ന വന്‍കുഴികളാണ് അടച്ചത്. ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ് രൂപീകരിച്ചശേഷം ഏറ്റെടുത്ത ഈ പരിപാടിയില്‍ എല്ലാ പോലീസുകാരും ഒരേ ജേഴ്സി അണിഞ്ഞാണ് രംഗത്തെത്തിയത്.
ഇനി അടുത്ത നീക്കം കാല്‍നടയാത്രക്കാര്‍ക്കുള്ള ബോധവല്‍ക്കരണമായിരിക്കും. ഒപ്പം ഓട്ടോറിക്ഷകളുടെ അനധികൃത ഓട്ടം തടയുന്നതിനുള്ള നടപടികളും കര്‍ശനമാക്കും. 200ലധികം ഓട്ടോറിക്ഷകള്‍ക്കാണ് യഥാര്‍ത്ഥ പെര്‍മിറ്റ് ഉള്ളത്. എന്നാല്‍ രണ്ടായിരത്തിലധികം ഓട്ടോറിക്ഷകള്‍ നിരത്തിലുണ്ടെന്നാണ് ട്രാഫിക് പോലീസിന്‍റെ കണക്കുകൂട്ടല്‍. ഡിവൈഎസ്പി ഷാജി കെ.എബ്രഹാം, ട്രാഫിക് എസ്ഐ മുഹമ്മദ് ഹാസിന്‍, എഎസ്ഐ ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച ബോധവല്‍ക്കരണപരിപാടികള്‍ നടന്നത്.