18 July, 2019 05:05:10 AM
പ്രവാസിയുടെ മാതാവിന്‍റെ ചെക്ക് ബുക്ക് മോഷ്‌ടിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: മധ്യവയസ്‌കന്‍ പിടിയില്‍
തൊടുപുഴ: പ്രവാസിയുടെ മാതാവിന്‍റെ ബാങ്ക് ചെക്ക് ബുക്ക് മോഷ്‌ടിച്ചു വ്യാജ ഒപ്പിട്ടു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. കോതമംഗലം കീരംപാറ ചെങ്കര പോക്കയില്‍ ഷാജി എല്‍ദോസാ(46)ണു പിടിയിലായത്. കടാതി മൂലയില്‍ വീട്ടില്‍ ചിന്നമ്മ വര്‍ഗീസിന്റെ ചെക്ക് ബുക്കാണ് മോഷ്‌ടിച്ചത്. മൂവാറ്റുപുഴ പുന്നമ്മറ്റം സ്വദേശി മീരാന്റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച കേസിലും ഷാജിക്കെതിരേ പരാതിയുണ്ട്. പ്രവാസിയായ എല്‍ദോ വര്‍ഗീസിന്റെ വീട്ടില്‍നിന്നാണ് മാതാവായ ചിന്നമ്മ വര്‍ഗീസിന്റെ ചെക്ക് ബുക്ക് നഷ്‌ടപ്പെട്ടത്.
ഈ ചെക്ക് ലീഫുകള്‍ കള്ള ഒപ്പിട്ട് പലര്‍ക്കു കൊടുത്തിരുന്നു. എറണാകുളത്തുള്ള ഒരു കടയുടമ ചിന്നമ്മയുടെ ഇളയ മകന്‍ അജി വര്‍ഗീസിന്റെ ഫോണിലേക്കു രണ്ടു ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചതായി ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് വീട്ടുകാര്‍ തട്ടിപ്പ് അറിഞ്ഞത്. ഇവരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ മൂവാറ്റുപുഴ സി.ഐ: എന്‍.എച്ച്. മുഹമ്മദ് പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്‌തു