17 July, 2019 09:33:41 PM


ഒഡെപെക് മുഖേനയുള്ള നഴ്‌സ് റിക്രൂട്ട്‌മെന്‍റിന് യുകെ ആരോഗ്യമന്ത്രാലയത്തിന്‍റെ പൂര്‍ണസഹകരണം

 


ലണ്ടന്‍: കേരളത്തില്‍ നിന്ന് ഒഡെപെക് മുഖേന  നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുകെ സന്ദര്‍ശിക്കുന്ന മന്ത്രി ടി പി രാമകൃഷ്ണനും സംഘവും യുകെ ഹെല്‍ത്ത് സ്‌റ്റേറ്റ് മിനിസ്റ്റര്‍ സ്റ്റീഫന്‍ ഹാമണ്ട്, യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സീനിയര്‍ മാനേജര്‍ കൂടിയായ ലോര്‍ഡ് എഡ്മണ്ട് നിഗല്‍ റാംസേ ക്രിസ്പ് എന്നിവരുമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കൂടിക്കാഴ്ച നടത്തി. 

ഗ്ലോബല്‍ ലേണിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെക്കുറിച്ചും മന്ത്രിയും സംഘവും വിശദീകരിച്ചു. കേരളത്തില്‍ നിന്ന് ഒഡെപെക് മുഖേന നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് എഡ്മണ്ട്  ക്രിസ്പും, സ്റ്റീഫന്‍ ഹാമണ്ടും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. ഹെല്‍ത്ത് എഡ്യൂേക്കഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ മാനേജ്‌മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍,  തോമസ് ഹൂഗസ് എന്നിവരും കൂടിക്കാഴ്ചയില്‍  സംബന്ധിച്ചു. 

യുകെയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്  ഹെല്‍ത്ത് എജുക്കേഷന്‍ ഇംഗ്ലണ്ടുമായി കരാര്‍ ഒപ്പിട്ട ശേഷം മന്ത്രിയും സംഘവും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ളള ലങ്കാഷെയര്‍ ട്രസ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച് മലയാളി നഴ്‌സുമാരുമായി ആശയവിനിമയം നടത്തിയിരുന്നു. യുകെ ഗവണ്‍മെന്റിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളിലേക്ക്  തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്സ് (ഒഡെപെക്) മുഖേനയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്കും അവധിയെടുത്ത് യുകെയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിക്കും.  റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മന്ത്രിയുടെ  നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരടങ്ങിയ ഉന്നതതലസംഘം  ഞായറാഴ്ചയാണ് യുകെയില്‍ എത്തിയത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K