17 July, 2019 10:05:14 AM
സ്‌കൂളില്‍ വെച്ചും വീട്ടില്‍ വെച്ചും വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
അടിമാലി: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. കമ്പിളികണ്ടം സ്വദേശി നെല്ലികുന്നേല്‍ സാജനാണ് പോലീസ് പിടിയിലായത്. കൗണ്‍സിലിംഗിലൂടെയാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. അടിമാലിയിലുള്ള സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പലപ്പോഴായി പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കുറേ നാളുകളായി അടിമാലിയിലെ സ്‌കൂളില്‍ അധ്യാപകനാണ് സാജന്‍. ഇതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി സാജന്‍ സൗഹൃദത്തിലായി. തുടര്‍ന്ന് സ്‌കൂളില്‍ വെച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും ഇയാള്‍ പലവട്ടം പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി സംഭവം തുറന്ന് പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പ്രതി വാടകയ്ക്ക് കഴിഞ്ഞിരുന്ന അടിമാലിയിലെ വീട്ടിലെത്തി ഇയാളെ പോലീസ് പിടികൂടി. ഇതേ സ്‌കൂളില്‍ മൂന്ന് വര്‍ഷം മുമ്പ് പഠനം നടത്തിയ പൂര്‍വ്വ വിദ്യാര്‍ഥിനിയെ സാജന്‍ ഒരു മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിച്ചതായും വിവരമുണ്ട്