16 July, 2019 08:00:32 PM
കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് - ലീഗ് ഭിന്നത പൊട്ടിത്തെറിയില് ; യുഡിഎഫ് പിളർപ്പിലേക്ക്
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് - ലീഗ് ഭിന്നത പൊട്ടിത്തെറിയിലേക്ക്. മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്ക് നൽകണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് നിരാകരിച്ചതാണ് ഭിന്നതയക്ക് കാരണം. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ അനുനയിപ്പിച്ച് കോർപറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് ശ്രമം നടത്തുന്നതിനിടെയാണ് കോൺഗ്രസ് - ലീഗ് ഭിന്നിപ്പ് ശക്തമായത്. ഇതേ തുടർന്ന് കൗൺസിലിൽ ലീഗ് തങ്ങളുടേതായ നിലപാടുകൾ സ്വീകരിക്കാനും കോൺഗ്രസിന്റെ എല്ലാ നിലപാടുകൾക്കും സന്പൂർണ പിന്തുണ നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.
കൗൺസിൽ യോഗങ്ങൾക്കു മുന്നോടിയായി യുഡിഎഫ് കൗൺസിലർമാർ ഒന്നിച്ചിരുന്നു അജണ്ടകൾ ചർച്ച ചെയ്ത് സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കൗൺസിൽ യോഗത്തിനു മുന്നോടിയായി ഇന്നലെ യുഡിഎഫ് കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർത്തില്ല. പകരം യുഡിഎഫ് കൗൺസിലർ പാർട്ടി സെക്രട്ടറിയായ ലീഗിലെ എം.പി. മുഹമ്മദലി ലീഗ് കൗൺസിലർമാരുടെ മാത്രം യോഗം വിളിച്ചു ചേർത്ത് അജണ്ട ചർച്ച ചെയ്യുകയായിരുന്നു. കോർപറേഷന്റെയും കോർപറേഷൻ ആകുന്നതിനു മുന്പുള്ള നഗരസഭയുടെയും ചരിത്രത്തിലാദ്യമായാണ് കൗൺസിലിനു മുന്നോടിയായി യുഡിഎഫ് കൗൺസിൽ പാർട്ടിയോഗം നടക്കാതിരിക്കുന്നത്.
കോർപറേഷനിൽ ലീഗ് തങ്ങളുടെ നിലപാടുകളുമായി മുന്നോട്ടു പോകും. ഇതോടുകൂടി കൗൺസിലിൽ യുഡിഎഫ് എന്ന മുന്നണി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നിലവിൽ ലീഗ് അംഗങ്ങൾ പ്രത്യേക ബ്ലോക്കായി ഇരിക്കില്ലെങ്കിലും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം സംബന്ധിച്ച് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെ കുറിച്ചും ആലോചിക്കും. കോർപറേഷൻ വിഷയം സംബന്ധിച്ച് കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പരിപാടികൾ ബഹിഷ്കരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചിരുന്നു.
ഞായറാഴ്ച രാത്രി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ നേതൃയോഗമാണ് കോർപറേഷൻ വിഷയത്തിൽ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പരിപാടികൾ ബഹിഷ്കരിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കടുത്ത യോഗത്തിലുള്ള തീരുമാനമായതിനാൽ ഈ വിഷയം സംസ്ഥാന കമ്മിറ്റിയുടെകൂടെ അറിവോടെയാണെന്നാണ് വിവരം. ആകെയുള്ള 55 അംഗ കൗൺസിലിൽ യുഡിഎഫിലും എൽഡിഎഫിലും 27 വീതമാണ് അംഗങ്ങൾ. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പി.കെ. രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എൽഡിഎഫിന് മേയർസ്ഥാനം ലഭിച്ചത്.