13 July, 2019 11:02:35 AM
സാജന്‍റെ ആത്മഹത്യ: കാരണം ഭാര്യയുടെ വഴിവിട്ട ബന്ധമെന്ന് സിപിഎം മുഖപത്രം; വാർത്ത അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത് ഭാര്യയുടെ വഴിവിട്ട ബന്ധം മൂലമെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സി പി എം മുഖപത്രമായ ദേശാഭിമാനിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേ സമയം, വിഷയത്തിൽ പാർട്ടിയുടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തയിലൂടെ...
"ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയിൽ ആത്മഹത്യചെയ്ത കേസില്‍ സുപ്രധാന വഴിത്തിരിവ്. മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന‌് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന‌് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന‌് ലഭിച്ചു. സാജന്റെ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്. ഇതിലേക്ക‌് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ‌് മറച്ചുവയ‌്ക്കപ്പെട്ട സത്യത്തിലേക്ക‌് വെളിച്ചം വീശിയത‌്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ‌്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ‌് വിവരം. ഫോണും കസ‌്റ്റഡിയിലെടുത്തു.
ഈ ഫോൺകോളുകളും അതേതുടര്‍ന്നുള്ള പ്രശ‌്നങ്ങളുമാണ‌് സാജനെ ആത്മഹത്യയിലേക്ക‌് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ‌്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട‌്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ‌്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ‌് 2400ൽപരം കോളുകൾ വന്നത്. 25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകൾ നീളുന്നവ. സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോള്‍ വന്നു. ഇതിനു ശേഷമാണ് സാജന്‍ ആത്മഹത്യ ചെയ്തത്.
സാജന്റെയും ബന്ധുകളുടെയും ഫോണുകള്‍ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ആത്മഹത്യയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയത്. കൺവൻഷൻ സെന്ററിന്റെ പ്രവർത്തനാനുമതി നീളുന്നതിൽ സാജന‌് മനോവിഷമമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക‌് നയിക്കാനുള്ള കാരണമായിരുന്നില്ല.
കാര്യങ്ങൾ ശരിയായി വരുന്നുണ്ടെന്ന‌് അദ്ദേഹം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്ന തെളിവാണ് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത്.''