12 July, 2019 09:57:03 AM


ഒരു ലക്ഷം രൂപ ലോട്ടറിയടിച്ച ടിക്കറ്റ്‌ മോഷ്‌ടിച്ച് 54000 രൂപയ്ക്ക് മറിച്ചുവിറ്റു; ഭാഗ്യവാന്‍റെ സുഹൃത്ത് ഒളിവില്‍




കുളമാവ്‌: മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ലോട്ടറിയടിച്ച ടിക്കറ്റ്‌ മോഷ്‌ടിച്ചശേഷം മറിച്ചുവിറ്റ്‌ പണം മാറിയെടുത്തതായി പരാതി. മേസ്‌തിരിപ്പണിക്കാരനായ മുത്തിയുരുണ്ടയാര്‍ പാടത്തില്‍ രാജുവാണ്‌ പരാതിക്കാരന്‍. ഇയാളുടെ സഹായി ചെറുതോണി സ്വദേശി അജിത്ത്‌ സജി (22) ആണ്‌ ലോട്ടറി മോഷ്‌ടിച്ചതെന്നാണ്‌ പരാതി. സംഭവത്തില്‍ കുളമാവ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 28നു നറുക്കെടുത്ത സംസ്‌ഥാന സര്‍ക്കാരിന്‍റെ നിര്‍മല്‍ ലോട്ടറിക്കായിരുന്നു സമ്മാനം. ഇതിന്‍റെ ഫലം ഓണ്‍ലൈനിലൂടെ മൊബൈല്‍ വഴി നോക്കി പറഞ്ഞത്‌ അജിത്താണ്‌. പിന്നീട്‌ 30ന്‌ ഇയാള്‍ രാജുവിന്‍റെ വീട്ടിലെത്തിയിരുന്നു. പണവും ലോട്ടറിയും സൂക്ഷിക്കുന്ന സ്‌ഥലം അറിയാവുന്ന അജിത്ത്‌ ഇവിടെ നിന്നും ഇത്‌ എടുത്തെന്നാണ്‌ പരാതി. ടിക്കറ്റ്‌ മാറാന്‍ നോക്കിയപ്പോഴാണ്‌ ലോട്ടറിയും 7500 രൂപയും കാണാനില്ലെന്നു മനസിലായത്‌. പിന്നീട്‌ ഇക്കാര്യം ചോദിച്ചെങ്കിലും എടുത്തില്ലെന്നായിരുന്നു മറുപടി. എന്നാല്‍ തൊട്ടടുത്ത ദിവസം പുതിയ കോട്ടുമായി വന്ന അജിത്തിനെ കണ്ടപ്പോള്‍ രാജുവിനു സംശയം വര്‍ധിച്ചു.

മരുമകനെക്കൊണ്ട്‌ ഫോണ്‍ വിളിപ്പിച്ചപ്പോള്‍ അജിത്ത്‌ എടുക്കാതെ വന്നതിനെത്തുടര്‍ന്ന്‌ രാ‍ജു കുളമാവ്‌ പോലീസില്‍ പരാതി നല്‍കുകയും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ചെറുതോണിയിലെ ഒരു വ്യാപാരിക്ക്‌ 54,000 രൂപയ്‌ക്ക്‌ ടിക്കറ്റ്‌ വിറ്റതായും കണ്ടെത്തി. ഉടന്‍തന്നെ കട്ടപ്പന ലോട്ടറി ഓഫീസില്‍ ടിക്കറ്റ്‌ ബ്ലോക്ക്‌ ചെയ്യണമെന്നും പണം കൊടുക്കരുതെന്നും പോലീസ്‌ പറഞ്ഞു. അജിത്തിനെ അന്വേഷിച്ചപ്പോള്‍ മുങ്ങിയതായാണ്‌ വിവരം. കുളമാവ്‌ എസ്‌.ഐ. ടി.എ. നാസറും സംഘവും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷം മുന്‍പ്‌ കൊച്ചി സ്വദേശിയായ ഒരാള്‍ കുളമാവ്‌ ഡാമില്‍ നിന്നും എടുത്തുചാടിയപ്പോള്‍ പുറകെ ചാടി രക്ഷിച്ചയാളാണ്‌ രാജു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K