09 July, 2019 10:33:44 AM
കസ്റ്റഡി കൊലപാതകം; കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോൺ ചോര്‍ത്തുന്നുവെന്ന്
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോൺ ചോര്‍ത്തുന്നതായി ആരോപണം. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോൺ വിളി വിശദാംശങ്ങൾ ചോര്‍ത്തുന്നതായാണ് സൈബര്‍ സെല്ലിനെതിരെയുള്ള ആരോപണം. പരാതി ഉയര്‍ന്ന സാഹചര്യത്തിൽ ഇന്‍റലിജൻസ് വിഭാഗം അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ അറിയുന്നതിനൊണോ ഫോൺ ചോര്‍ത്തുന്നത് എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരും ഫോൺ ചോര്‍ത്തൽ ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഇത് ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി തുടങ്ങിയ സംശയങ്ങളും ശക്തമായിട്ടുണ്ട്. എന്തായാലും സൈബര്‍ സെൽ അറിയാതെ ഇത്തരമൊരു നീക്കം നടക്കില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഇന്‍റലിജൻസ്. പൊലീസുകാര്‍ തന്നെ പ്രതിക്കൂട്ടിലായ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ വിവരം പരസ്പരം പങ്ക് വയ്ക്കാൻ പോലും കഴിയാത്ത ഗതികേടിലാണ് ക്രൈം ബ്രാഞ്ച് സംഘം.