22 March, 2016 01:04:28 PM
തിരൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു
മലപ്പുറം : തിരൂരില്‍ സിപിഎം ഓഫീസിന് അക്രമികള്‍ തീയിട്ടു. താലൂക്കരയിലെ സിപിഎം ബ്രാഞ്ച് ഓഫീസാണ് തീയിട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമണം നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.
ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
സംഭവ സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈ.എസ്.പിയെ നാട്ടുകാര്‍ തടഞ്ഞു.കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും അകത്തുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. അയ്യായിരത്തോളം പുസ്തകങ്ങള്‍ അഗ്നിക്കിരയായി. അമ്പതോളം കസേരകള്‍, മേശ, അലമാരകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവും കത്തിച്ചാമ്പലായി. രാവിലെ ഒമ്പത് മണിക്കും തീ പൂര്‍ണമായി അണഞ്ഞിട്ടില്ല. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വായനശാലയിലുണ്ടായിരുന്ന ടെലിവിഷന്‍, സംഗീത ഉപകരണങ്ങള്‍ എന്നിവ കാണാതായിട്ടുണ്ട്. 2001ല്‍ ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം. എ.കെ.ജി സ്മാരക വായനശാലയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസുമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയത്തിനതീതമായി പ്രദേശത്തെ ഒട്ടേറെയാളുകള്‍ ആശ്രയിച്ചിരുന്നതാണ് വായനശാല.
നാട്ടുകാരെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറി. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു.