28 June, 2019 11:28:18 AM
വാക്ക് തര്‍ക്കം; ആലപ്പുഴ പൂച്ചാക്കലില്‍ യുവാവിനെ അയല്‍വാസി വെടിവച്ചു
ആലപ്പുഴ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെടിവച്ചു. ആലപ്പുഴ പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉളവയ്പ്പ് ഗോപി നിവാസില്‍ ഗോപിയുടേയും ശോഭനയുടേയും മകന്‍ ഗോപീഷ് ലാലി(25) ന് നേരെയാണ് വെടിയുതിര്‍ത്തത്. മാടശ്ശേരി നികര്‍ത്തില്‍ അജയന്‍ (38) ആണ് ഗോപീഷിന് നേരേ നിറയൊഴിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ന് ഗോപീഷിന്‍റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡില്‍ വച്ചായിരുന്നു സംഭവം.
മാതാപിതാക്കളെ പേര് ചൊല്ലി അസഭ്യം പറഞ്ഞ അജയനെ ഗോപീഷ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. വീട്ടിലേയ്ക്ക് വരികയായിരുന്ന ഗോപീഷിനെ അജയന്‍ മറഞ്ഞിരുന്ന് വെടിവയ്ക്കുകയായിരുന്നു. ചോരവാര്‍ന്ന് നിലത്ത് വീണ ഗോപീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗോപീഷിന്‍റെ ശരീരത്തില്‍ നിന്നും വെടിയുണ്ട എടുക്കുവാനായി സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അജയനെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.