26 June, 2019 03:14:56 PM
തോമസ് ചാണ്ടിയുടെ ലേക് പാലസിന് നികുതിയിളവില്ല: സര്‍ക്കാര്‍ നിര്‍ദേശം തള്ളി ആലപ്പുഴ നഗരസഭ
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കു പങ്കാളിത്തമുള്ള ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളി ആലപ്പുഴ നഗരസഭ. നികുതിയിളവ് സംബന്ധിച്ച് തോമസ് ചാണ്ടിക്ക് ആവശ്യമെങ്കില്‍ ട്രൈബൂണലിനെ സമീപിക്കാമെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തദേശ വകുപ്പ് റീജണല്‍ ജോയിന്റ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
റിസോര്‍ട്ടില്‍ നിന്ന് 2.71 കോടി രൂപ പിഴയായി ഈടാക്കാനുള്ള നഗരസഭാ തീരുമാനത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് നഗരസഭ വ്യക്തമാക്കി. തോമസ് ചാണ്ടിക്കു പങ്കാളിത്തമുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി( ലേക് പാലസ് റിസോര്‍ട്ട്) യുടെ കെട്ടിടങ്ങള്‍ക്ക് നഗരസഭ നിശ്ചയിച്ച നികുതി വെട്ടിക്കുറയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നഗരസഭ നിശ്ചയിച്ച 2.71 കോടി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് 19.84 ലക്ഷമായി കുറഞ്ഞിരുന്നു.
തദേശ ഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരം നഗരകാര്യ വകുപ്പ് കൊല്ലം റീജനല്‍ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് നികുതിയിളവിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. റിസോര്‍ട്ടിലെ അംഗീകൃത കെട്ടിടങ്ങള്‍ക്കു മൂന്ന് വര്‍ഷത്തേയും അനധികൃതമെന്ന് നഗരസഭ കണ്ടെത്തിയ കെട്ടിടങ്ങള്‍ക്ക് നാല് വര്‍ഷത്തേയും നികുതി മാത്രമേ ഇീടാക്കാനാകു എന്നായിരുന്നു നിര്‍ദേശം. ലേക് പാലസ് റിസോര്‍ട്ടിലെ ആകെയുള്ള 37 കെട്ടിടങ്ങളില്‍ 27 എണ്ണത്തിനേ അനുമതിയുള്ളു എന്നാണ് നഗരസഭയുടെ കണ്ടെത്തല്‍