21 June, 2019 07:09:16 AM
നൂറ്റിയൊന്നിന്‍റെ നിറവില്‍ വിപ്ലവ വനിത; ഗൗരിയമ്മയ്‌ക്ക് ആശംസകളുമായി രാഷ്‌ട്രീയ കേരളം
ആലപ്പുഴ: ഇന്നു നൂറ്റിയൊന്നാം വയസിലേക്കു കടക്കുന്ന വിപ്ലവ വനിത കെ.ആര്‍.ഗൗരിയമ്മയ്‌ക്ക് ആശംസകളുമായി ആലപ്പുഴ ചാത്തനാട്ടെ കളത്തില്‍പറമ്പില്‍ വീട്ടിലേക്ക് ആശംസകളുടെ പ്രവാഹം. ഒരാഴ്‌യായി ഇവിടെ സന്ദര്‍ശകരുടെ തിരക്കാണ്. മുന്‍മന്ത്രിമാരായ എം.എ ബേബി, വി.എം സുധീരന്‍ തുടങ്ങിയവര്‍ നേരത്തെ വന്നു പോയി. മിഥുനമാസത്തിലെ തിരുവോണം നാളായ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഗൗരിയമ്മയ്‌ക്കൊപ്പം സന്തോഷം പങ്കിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങി നേതാക്കളെത്തും.
ഒരുവര്‍ഷം നീളുന്ന ജന്മശതാബ്‌ദി ആഘോഷത്തിനും തുടക്കമാകും. രാവിലെ 11ന് ശക്‌തി ഓഡിറ്റോറിയത്തില്‍ ജന്മദിനാഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. കെ.ആര്‍. ഗൗരിയമ്മ ഒരു നേര്‍ക്കണ്ണാടി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം വി.എസ്. അച്യുതാനന്ദനും കെ.ആര്‍. ഗൗരിയമ്മ ഫൗണ്ടേഷന്റെ ഉദ്‌ഘാടനം ഉമ്മന്‍ ചാണ്ടിയും നിര്‍വഹിക്കും. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ഗൗരിയമ്മയെക്കുറിച്ചുള്ള പുസ്‌തകം പ്രകാശനം ചെയ്യും. 11.45ന് പിറന്നാള്‍ കേക്ക് മുറിക്കലും ആദരിക്കലും. തുടര്‍ന്ന് 3000 പേര്‍ക്ക് കരിമീനും പാല്‍പായസവുമടക്കം വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയും ഉണ്ടാകും
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, മുന്‍ ഗവര്‍ണര്‍മാരായ കെ. ശങ്കരനാരായണന്‍, കുമ്മനം രാജശേഖരന്‍, ശിവഗിരി ധര്‍മ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലപ്പുഴ ബിഷപ്പ് ഡോ. സ്‌റ്റീഫന്‍ അത്തിപ്പോഴിയില്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി, സ്വാമി വേദാമൃത ചൈതന്യ, ആലപ്പുഴ വടക്കേമഹല്‍ ഇമാം ഹര്‍ഷിദ് മൗലവി എന്നിവര്‍ ജന്മശതാബ്‌ദി സന്ദേശം നല്‍കും.
മന്ത്രിമാരായ എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്‌ണന്‍കുട്ടി, സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, വയലാര്‍ രവി, എം.പി. വീരേന്ദ്രകുമാര്‍, പി.ജെ. ജോസഫ്, വി.എം. സുധീരന്‍, കൊടിക്കുന്നിന്‍ സുരേഷ്, എ.എം. ആരിഫ്, തുഷാര്‍ വെള്ളാപ്പള്ളി, സജി ചെറിയാന്‍, ആര്‍. രാജേഷ്, യു. പ്രതിഭ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി, എ.എ. അസീസ്, ജോണി നെല്ലൂര്‍, പി.സി. തോമസ്, പുന്നല ശ്രീകുമാര്‍, എ.എന്‍. രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.