20 June, 2019 11:55:04 AM
കല്ലട ബസില്‍ ജീവനക്കാരുടെ ക്രൂരത വീണ്ടും; പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചില്ല
കണ്ണൂര്‍ : അമിത വേഗത്തില്‍ ഓടി ഹംപില്‍ ചാടിയ കല്ലട ബസില്‍ യാത്രചെയ്ത ആളുടെ തുടയെല്ല് പൊട്ടി. പയ്യന്നൂര്‍ സ്വദേശി മോഹനാണ് കല്ലട ബസ് യാത്രയ്ക്കിടെ ദാരുണാനുഭവം ഉണ്ടായത്. പരിക്കേറ്റ മോഹനെ ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. ഒടുവില്‍ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ മോഹനെ അദ്ദേഹത്തിന്‍റെ മകനാണ് ആശുപത്രിയില്‍ എത്തിച്ചത്.
ജൂണ്‍ 16ന് പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നാണ് മോഹന്‍ ബസില്‍ കയറിയത്. മൈസൂര്‍ കടന്ന അല്‍പ്പ സമയത്തിനുള്ളില്‍ ആയിരുന്നു അപകടം. ബസിന്‍റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു മോഹന്‍ ഇരുന്നത്. പരിക്കേറ്റ മോഹന്‍ ഉച്ചത്തില്‍ നിലവിളിച്ചുവെങ്കിലും ജീവനക്കാന്‍ അത് ഗൗനിക്കാതെ മുന്നോട്ടു പോകുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച മോഹനെ രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒപ്പം മൂന്ന് മാസത്തെ വിശ്രമവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, കണ്ണൂരില്‍ നിന്നും കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന യുവതിയ്ക്ക് കല്ലട ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസിന്‍റെ രണ്ടാം ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടുണ്ട്