18 June, 2019 02:42:25 PM


ബിനോയ് കോടിയേരിയുടെ പരാതിയില്‍ യുവതിക്കെതിരെ കേരള പൊലീസ് കേസെടുത്തേക്കും



കണ്ണൂര്‍: ബിഹാര്‍ സ്വദേശി യുവതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നെന്ന് കണ്ണൂര്‍ പോലീസിന്‍റെ സ്ഥിരീകരണം. മെയ് മാസത്തിലാണ് മുംബൈയിൽ താമസമാക്കിയ യുവതി ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് കത്ത് അടക്കം കണ്ണൂർ റെയ്ഞ്ച് ഐജിക്ക് ബിനോയ് കോടിയേരി പരാതി നൽകിയത്. പരാതി തുടർ നടപടിക്ക് കണ്ണൂർ എസ്പിക്ക് കൈമാറിയിരുന്നു എന്നാണ് കണ്ണൂര്‍ പൊലീസ് വിശദീകരിക്കുന്നത്. 


ആഴ്ചകൾക്ക് മുൻപ് ബിനോയ് നൽകിയ പരാതിയിൽ കേസടക്കമുള്ള തുടര്‍ നടപടികൾക്ക് ഇത് വരെ പൊലീസ് തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് തിരക്ക് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ വൈകിയ സാഹചര്യത്തെ പൊലീസ് ന്യായീകരിക്കുന്നത്. ഇതിനിടെയാണ് ലൈംഗിക പീഡനവും വഞ്ചനയും അടക്കം ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി യുവതി ബിനോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 


ബിനോയ് നൽകിയ പരാതിക്ക് ബദലായാണ് യുവതിയുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം യുവതി അയച്ച കത്ത് അടക്കം ബിനോയ് നൽകിയ തെളിവുകൾ ചേര്‍ത്ത് കേരളാ പൊലീസ് അധികം വൈകാതെ യുവതിക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം. യുവതിയെ അറിയാമെന്നും കാശ് തട്ടാനുള്ള ഭീഷണിയാണ് പരാതിയെന്നും ബിനോയ് കോടിയേരി പറയുന്നു. മുംബൈയിലെ ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

 

കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് മുന്നോട്ട് പോകാമെന്നും ഇത്തരം പരാതികൾ പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. കേസും ബന്ധപ്പെട്ട കാര്യങ്ങളുമായി കക്ഷികൾക്ക് മുന്നോട്ട് പോകാം. ഇത്തരം പരാതികളിൽ ഒരുഘട്ടത്തിലും പാര്‍ട്ടിക്ക് ഇടപെടേണ്ട കാര്യം ഇല്ലെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു. 


2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസാണ് കേസെടുത്തിട്ടുള്ളത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K