17 June, 2019 11:14:14 AM


പാഞ്ചാലിമേട്ടിലെ കുരിശുകൾ: ഉടന്‍ പൊളിക്കേണ്ടതില്ലെന്ന് കളക്ടർ; ശൂലം സ്ഥാപിച്ച സംഭവത്തിൽ കേസെടുത്തു



കുമളി: പാഞ്ചാലിമേട്ടിലെ കുരിശുകൾ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശ്. റവന്യൂ ഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്‍റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കുരിശുകളെ സംബന്ധിച്ചുള്ള വിവാദം മതസൗഹാർദം തകർക്കാനുള്ള ശ്രമമാണെന്നാണ് പഞ്ചാലിമേട് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും പറയുന്നത്.


ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ പാഞ്ചാലിമേട്ടിലെ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്റ് മേരീസ് പള്ളി ഭാരവാഹികള്‍ പറയുന്നത്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂ ഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിടിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചു. 


അടുത്തിടെ സ്ഥാപിച്ച മരകുരിശുകൾ നീക്കാൻ പള്ളി ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയുണ്ട്. കാലങ്ങളായുള്ള കുരിശിന്റെയും അമ്പലത്തിന്റെയും കാര്യത്തിൽ കൂടിയാലോചന വേണമെന്നും അദ്ദേഹം പറയുന്നു. അതേസമയം വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റി തന്നെ പറയുന്നത്. ഇവിടെ ഞങ്ങള്‍ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും പുറത്ത് നിന്നും വരുന്നവരാണ് ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അവര്‍ പറയുന്നു. കളക്ടറുടെ അന്തിമതീരുമാനം വന്നശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നാണ് കണയങ്കവയൽ പള്ളി വികാരി പറയുന്നത്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്തു. മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് കേസ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K