17 June, 2019 10:35:17 AM
അപകടത്തില്‍ മരിച്ച ഭാര്യയെ തേടി ഭര്‍ത്താവിന്‍റെ യാത്ര; അലഞ്ഞു നടന്നത് മുന്നൂറിലേറെ കിലോമീറ്ററുകള്‍
മയ്യഴി: വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി അലഞ്ഞു നടന്ന മനോനില തെറ്റിയ ആളെ ഒടുവില്‍ കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവില്‍ വിനയരാജിനെ(55)യാണ് തമിഴ്‌നാട്ടിലെ കുംഭകോണത്ത് കണ്ടെത്തിയത്. മാര്‍ച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ വിനയരാജിന്‍റെ ഭാര്യ ശാന്തി മരിച്ചിരുന്നു എന്നാല്‍ ജൂണ്‍ ഏഴിന് ഭാര്യയെ തേടി വിനയരാജ് വീടുവിട്ടിറങ്ങുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് പരുക്ക് പറ്റിയ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തെറ്റിയ അവസ്ഥയിലായിരുന്നു വിനയരാജ്. ഓര്‍മശക്തിക്കും തകരാര്‍ സംഭവിച്ചു. ഭാര്യയെ അന്വേഷിച്ചാണ് വിനയരാജ് വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോയമ്പത്തൂര്‍ കോവൈപുത്തൂരിലെ താമസസ്ഥലത്തുനിന്നു മുന്നൂറിലേറെ കിലോമീറ്റര്‍ ദൂരെയാണ് കുംഭകോണം. വീടുവിട്ടിറങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ കൈയില്‍ മൊബൈല്‍ ഫോണോ പണമോ ഉണ്ടായിരുന്നില്ല.
ഓര്‍മ നഷ്ടപ്പെട്ടെങ്കിലും ഭാര്യയുടെ ഫോണ്‍ നമ്പര്‍ വിനയരാജ് മറന്നിരുന്നില്ല. കുംഭകോണത്ത് വെച്ച് ഒരു ആംബുലന്‍സ് ഡ്രൈവറെ വിനയരാജ് പരിചയപ്പെടുകയും ഭാര്യയെ കാണാതായി തിരക്കി ഇറങ്ങിയതാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയുടെ നമ്പറും കൊടുത്തു. ഡ്രൈവര്‍ ആ നമ്പറില്‍ വിളിച്ചതാണ് വിനയരാജിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ക്ക് സഹായകമായത്